എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന്, കെട്ടടങ്ങാതെ പ്രതിഷേധം

പത്തനംതിട്ട: യാത്ര അയപ്പു വേദിയില്‍വെച്ച് അഴിമതി ആരോപണം നേരിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ എത്തിച്ചു. മൃതദേഹം പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നവീന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. മൃതദേഹം രാവിലെ 10 മുതല്‍ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3നു ശേഷം മലയാലപ്പുഴ താഴം കാരുവള്ളില്‍ വീട്ടുവളപ്പില്‍ നടക്കും.

പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു നവീന്‍ ബാബുവെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരുന്നു.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും എന്ത് ഉത്തരവാദിത്തവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ആളായിരുന്നെന്നും മന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി ഒരുപാട് വര്‍ഷത്തെ പരിചയമുണ്ടെന്നും, 2018, 2021 വര്‍ഷങ്ങളിലെ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും അദ്ദേഹത്തിന്റെ സേവനം എടുത്തു പറയേണ്ടതാണെന്നും മന്ത്രി അഭിപ്രായം പങ്കുവെച്ചിരുന്നു.