
ന്യൂജേഴ്സി: ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിനിടെ തന്നെ തോല്‍പ്പിച്ച എതിരാളിയെ തേടിപ്പിടിച്ച് ആക്രമിച്ച് 20 വയസുകാരന്‍. ന്യൂജേഴ്സിയില്‍ നിന്നുള്ള ഗെയിമറായ എഡ്വേര്‍ഡ് കാങാണ് ഫ്‌ളോറിഡയിലുള്ള എതിരാളിയെ തേടിപ്പിടിച്ച് ചുറ്റികകൊണ്ട് ആക്രമിച്ചത്.
ന്യൂജേഴ്സിയില്‍ നിന്ന് ഫ്‌ലോറിഡയിലേക്ക് എത്തിയ കാങ്, നേരിട്ട് കണ്ടിട്ടില്ലാത്ത ഓണ്‍ലൈന്‍ എതിരാളിയെ തേടി കണ്ടുപിടിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാസൗ കൗണ്ടിയില്‍ നിന്നുള്ള കോടതി രേഖകള്‍ പ്രകാരം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് കാങിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. കാംങും ഇരയും ഏകദേശം ഒരേ പ്രായത്തിലുള്ളവരാണെന്നും ഇരുവരും ഫാന്റസി മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ റോള്‍ പ്ലേയിംഗ് ഗെയിമായ ആര്‍ക്ക് ഏജ് കളിച്ചുവെന്നും നാസൗ കൗണ്ടി ഷെരീഫ് പറഞ്ഞു.
താന്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞാണ് കാങ് ക്രൂരകൃത്യം നടത്താന്‍ ഫ്‌ളോറിഡയ്ക്ക് പോയത്. ഇരയുടെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് കാങ് ഒരു പ്രാദേശിക ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ നിന്ന് ഒരു ചുറ്റിക വാങ്ങുകയായിരുന്നു. പുലര്‍ച്ചെ ഇരയായ യുവാവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ബോണ്ടില്ലാതെയാണ് കാങ്ങിനെ തടവിലാക്കിയിരിക്കുന്നത്.












