വധശ്രമം അതിജീവിച്ച് റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനായി മില്‍വാക്കിയില്‍ പറന്നിറങ്ങി ട്രംപ്

അമേരിക്കയേയും, ഒരു പക്ഷേ ലോകത്തെത്തന്നെയും ഞെട്ടിച്ച വധ ശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഊര്‍ജ്ജസ്വലനായി തിരികെയെത്തി. ട്രംപ് റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനുവേണ്ടി ഞായറാഴ്ച മില്‍വാക്കിയില്‍ വന്നിറങ്ങിയ വിവരം അദ്ദേഹത്തിന്റെ മകന്‍ എറിക് ട്രംപ്
തന്നെയാണ് എക്‌സില്‍ പങ്കുവെച്ചത്.

വധശ്രമത്തില്‍ പരിക്കേറ്റ് 24 മണിക്കൂറിന് ശേഷം അധികം വിശ്രമത്തിന് വഴങ്ങാതെയാണ് ട്രംപിന്റെ തിരിച്ചുവരവ്. ‘ട്രംപ് ഫോഴ്സ് വണ്‍’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വാക്കിയില്‍ ലാന്‍ഡ് ചെയ്യുന്ന വീഡിയോ സഹിതമാണ് മകന്‍ പങ്കുവെച്ചത്. വിസ്‌കോണ്‍സിന്‍ നഗരത്തിലെ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്.

പെന്‍സില്‍വാനിയയിലെ ഒരു റാലിയില്‍ ശനിയാഴ്ച നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും കണ്‍വെന്‍ഷനുള്ള തന്റെ ഷെഡ്യൂളില്‍ ഉറച്ചുനില്‍ക്കുമെന്ന് ട്രംപ് ശഠിച്ചിരുന്നു.

ഒരു ഷൂട്ടറെയോ, കൊലയാളിയോ തന്റെ ഷെഡ്യൂള്‍ മാറ്റാന്‍ അനുവദിക്കില്ലെന്നും, ഷെഡ്യൂള്‍ ചെയ്തതുപോലെ, ഞാന്‍ ഇന്ന് ഉച്ചകഴിഞ്ഞ് മില്‍വാക്കിയിലെത്തും, എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടാണ് ട്രംപ് യാത്ര തുടങ്ങിയതുപോലും. ആരെയും ഭയപ്പെടുന്നില്ലെന്ന് വ്യക്തമായ സന്ദേശം കൂടിയാണ് മുന്‍ പ്രസിഡന്റ് ഇതിലൂടെ നല്‍കിയതും.

നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ നേരിടാന്‍ റിപ്പബ്ലിക്കന്‍മാര്‍ ട്രംപിനെ തങ്ങളുടെ നോമിനിയായി സ്ഥിരീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഡെമോക്രാറ്റായ പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിനെതിരെ നടന്ന വധ ശ്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആജീവനാന്ത സംരക്ഷണമുണ്ട്.

More Stories from this section

family-dental
witywide