കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായ സാഹചര്യത്തിൽ, അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. കർണാടകയിലെയും കേരളത്തിലെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ആവർത്തിച്ചത്. വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണു മന്ത്രി സന്ദർശനത്തിനെത്തിയത്.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഫോൺ കോളിലൂടെ പോലും അനുമതി നൽകാൻ സാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് ജിതേന്ദ്ര കുമാർ പറഞ്ഞു. അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എസ്.പി.യാദവ്, ജില്ലാ കലക്ടർ രേണുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരളത്തിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
1972ലെ വന സംരക്ഷണ നിയമം സെക്‌ഷൻ–11 പ്രകാരം അക്രമകാരികളായ മൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അധികാരമുണ്ട്. അതിനു പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ല. കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കുന്നതിന് ആ അധികാരം സംസ്ഥാന സർക്കാരിനു ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു.
വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് 15.82 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്ന് സംസ്ഥാന സർക്കാരിന് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുൾപ്പെടെ നഷ്ടപരിഹാരം നൽകാം. നഷ്ടപരിഹാരം നൽകുന്നതന് സംസ്ഥാന സർക്കാർ സുതാര്യമായ രീതി സ്വീകരിക്കണം. വയനാട്ടിൽ വന്യമൃഗശല്യം മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കേരള, കർണാടക, തമിഴ്നാട് സർക്കാരുകളെ ഏകോപിപ്പിച്ചുകൊണ്ട് കർമ പദ്ധതി തയാറാക്കും. കർണാടക സർക്കാർ വയനാട്ടിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുന്നതിനെതിരെ കർണാടക ബിജെപി രംഗത്തെത്തിയതിനെക്കറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.