
ന്യൂഡൽഹി: ക്യാബിൻ ക്രൂ ക്ഷാമം കാരണം എയർ ഇന്ത്യ എക്‌സ്പ്രസ് വെള്ളിയാഴ്ച 75 ഓളം വിമാനങ്ങൾ റദ്ദാക്കി. ഞായറാഴ്ചയോടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ക്യാബിൻ ക്രൂവിൻ്റെ ഒരു വിഭാഗം പണിമുടക്ക് പിൻവലിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.
വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും മറ്റുമായി കമ്പനിക്ക് 30 കോടി രൂപയോളം ബാധ്യതയുണ്ടായതായും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം നടത്തിയ പണിമുടക്ക് വ്യാഴാഴ്ച വൈകുന്നേരം പിൻവലിച്ചു. കൂടാതെ പണിമുടക്കിയ 25 തൊഴിലാളികളെ തിരിച്ചെടുക്കുകയും ചെയ്തു. സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്പ്രസിന് ഇതുവരെയായി 250 ഓളം സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്.
വെള്ളിയാഴ്ച 75 ഓളം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 100 ൽ താഴെ മാത്രമാണെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ചയും 50 ഓളം സര്‍വീസുകള്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.
ദിവസേന 380 വിമാനങ്ങൾ സർവീസ് നടത്തുന്ന ടാറ്റ ഗ്രൂപ്പ് എയർലൈൻ, തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു. ചൊവ്വാഴ്ച രാത്രി മുതൽ, കാരിയർ 260 ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്
എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് അവസാനിച്ചത്. അതേസമയം, സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ പ്രകടിപ്പിച്ചു.










