ഇന്ത്യ-യുഎസ് റൂട്ടില്‍ 60 സർവീസുകൾ റദ്ദാക്കി എയർഇന്ത്യ, റദ്ദാക്കിയത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സർവീസുകൾ

മുംബൈ: അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് വിമാനങ്ങള്‍ കിട്ടാതായതോടെ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യ-യു.എസ്. റൂട്ടില്‍ 60 വിമാനങ്ങള്‍ റദ്ദാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ.

ഈ സീസണിൽ ഇന്ത്യ- യുഎസ് വിമാനനിരക്ക് സാധാരണഗതിയിലും ഉയർന്നതാണ്. 60 വിമാനങ്ങൾ റദ്ദാക്കുന്നതോടെ നിരക്കുകൾ ഇനിയും കുതിച്ചുയരും. ഈ വർധന ഈ രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളിലെ നിരക്കുകളെ മാത്രമല്ല, മൂന്നാമതൊരു രാജ്യത്തേക്കുള്ള ട്രാൻസിറ്റ് ഹാൾട്ട് ഉൾപ്പെടുന്ന വിമാനങ്ങളേയും ബാധിക്കും.

അറ്റകുറ്റപ്പണികളും വിതരണശൃംഖലയിലെ പരിമിതികളുംമൂലം ചിലവിമാനങ്ങള്‍ തിരിച്ചെത്താന്‍ വൈകിയതോടെ കുറച്ചു വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിറക്കി. യാത്രക്കാരെ വിവരമറിയിച്ചിട്ടുണ്ടെന്നും ആ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ ഉള്ള എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ മറ്റുവിമാനങ്ങളില്‍ ഇവര്‍ക്കുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്. ഡല്‍ഹി-ഷിക്കാഗോ റൂട്ടില്‍ 14, ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടില്‍ 28, ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ റൂട്ടില്‍ 12, മുംബൈ-ന്യൂയോര്‍ക്ക് റൂട്ടില്‍ നാല്, ഡല്‍ഹി-ന്യൂവാര്‍ക്ക് റൂട്ടില്‍ രണ്ടുവീതം സര്‍വീസുകളാണ് റദ്ദാക്കിയത്. നിലവിൽ, ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വിമാനസർവീസ് നടത്തുന്ന ഏക ഇന്ത്യൻ കമ്പനി എയർഇന്ത്യയാണ്.

Air India Cancels 60 flights to US in November and December

Also Read