
ആഘോഷങ്ങളില്‍, സന്തോഷത്തില്‍, ദുഖത്തില്‍ എന്നുവേണ്ട എല്ലാത്തിലും മദ്യലഹരി നുരയുന്നത് പതിവ് കാഴ്ചയാകുകയാണ്. മദ്യം പ്രതിവര്‍ഷം മുപ്പതുലക്ഷം ആളുകളെ കൊല്ലുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. മദ്യപാനംമൂലമുള്ള അക്രമം, മദ്യപാന സംബന്ധ രോഗങ്ങള്‍ എന്നിവ ആഗോളതലത്തില്‍ ഓരോ വര്‍ഷവും 20ല്‍ ഒരാളുടെ മരണത്തിന് കാരണമാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019 ല്‍ 2.6 ദശലക്ഷം മരണങ്ങള്‍ മദ്യപാനം മൂലമുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. മദ്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ ഗുരുതരമായും ദോഷകരമായി ബാധിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
2019ല്‍ മദ്യപാനം മൂലമുണ്ടായ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ 20നും 39നും ഇടയില്‍ പ്രായമുള്ളവരിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ലിവര്‍ സിറോസിസ്, ചില ക്യാന്‍സറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി മദ്യപാനം ബന്ധപ്പെട്ടിരിക്കുന്നു. മദ്യത്തിന്റെ അമിത ഉപയോഗം ആളുകളെ ക്ഷയം, എച്ച്‌ഐവി, ന്യുമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് കൂടുതല്‍ ഇരയാക്കുന്നുവെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.
ഏറ്റവും ഉയര്‍ന്ന അളവ് മദ്യ ഉപഭോഗമുള്ളത് യൂറോപ്പിലാണെന്നും പിന്നില്‍ അമേരിക്കയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വടക്കേ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലാണ് ഏറ്റവും കുറഞ്ഞ ഉപഭോഗമെന്നും റിപ്പോര്‍ട്ട് പറയുന്നു.