
മാർട്ടിൻ വിലങ്ങോലിൽ
കൊപ്പേൽ : സെന്റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ വിപുലമായി ആഘോഷിച്ചു. ലോകം ഹാലോവീൻ ആഘോഷങ്ങളുടെ പിടിയിലായിരിക്കുമ്പോൾ, ഇടവകയിൽ വിശുദ്ധരെയും വിശുദ്ധമായ ആചാരങ്ങളെയും മുൻനിർത്തിയായിരുന്നു ആഘോഷം.
ഒക്ടോബർ 31 ന് രാവിലെ തുടങ്ങിയ ചടങ്ങുകൾ, വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യന്റെയും നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയായിരുന്നു ആരംഭിച്ചത്.

ഹാലോവീന്റെ പേടിപ്പിക്കുന്ന വേഷവിഭവങ്ങൾ ഒഴിവാക്കി, വിശുദ്ധരുടെ പുണ്യജീവിതം കുട്ടികളിൽ അവതരിപ്പിക്കുന്നതിൽ ഇടവക ശ്രദ്ധകേന്ദ്രീകരിച്ചു. വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന നടന്നു. നവംബർ 1-ാം തീയതി, സകല വിശുദ്ധരുടെയും ദിനമായി ആഘോഷിക്കുന്നതിനായി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടി. വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിശുദ്ധരുടെ വേഷങ്ങളിൽ കുട്ടികൾ പങ്കെടുത്ത “ഓൾ സെയിന്റ്സ് ഡേ” പരേഡും നടന്നു.
സെന്റ് പീറ്ററിന്റെ ഫിഷിംഗ് ഗെയിം, സെന്റ് ആന്റണിയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഗെയിം തുടങ്ങി വിവിധ ഗെയിമുകളിലൂടെ വിശുദ്ധരുടെ ജീവിതം കുട്ടികൾ പഠിച്ചു. വിശുദ്ധരുടെ പ്രമേയത്തിലുള്ള വിഭവങ്ങളും ലഘുഭക്ഷണങ്ങളും ഒരുക്കി.
വിശ്വാസത്തിന്റെയും, വിശുദ്ധരുടെയും മാതൃക അനുസരിച്ച് തിരുനാളുകൾ ആഘോഷിക്കുന്നതിൽ നേതൃത്വം നൽകിയ വികാരിമാർക്കും, യുവജന നേതൃത്വത്തിനും, മതബോധന അധ്യാപകർക്കും ഇടവക സമൂഹം നന്ദി രേഖപ്പെടുത്തി.

All Saints Day Celebration at Coppel St Alphonsa Church