
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന് വൈകുന്നേരം സമാപിച്ചപ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം മോദിക്കൊപ്പം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം വട്ടവും അധികാര കസേര പ്രവചിച്ച് പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍.
എങ്കിലും, 543 ലോക്സഭാ സീറ്റുകളില്‍ ‘400’ എന്ന മോദിയുടെ സ്വപ്ന സീറ്റുകള്‍ ആരും തന്നെ പ്രവചിച്ചിട്ടില്ല. കണക്കുകള്‍ വ്യത്യസ്തമാണെങ്കിലും, അഞ്ച് എക്സിറ്റ് പോളുകളും ഇന്ത്യ സഖ്യം വളരെ പിന്നിലാകുമെന്ന് പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് 365 സീറ്റുകളും ഇന്ത്യന്‍ ബ്ലോക്കിന് 142 സീറ്റുകളും ലഭിക്കുമെന്ന് നാല് എക്‌സിറ്റ് പോളുകളുടെ ശരാശരി സൂചിപ്പിക്കുന്നു.
ജാന്‍ കി ബാത്തിന്റെ എക്സിറ്റ് പോള്‍ പ്രകാരം 362-392 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ മുന്നണിക്ക് 141-161 സീറ്റുകളും ലഭിക്കുമെന്ന് പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 15 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷത്തോളം വോട്ടര്‍മാരില്‍ നിന്ന് ലഭിച്ച എക്‌സിറ്റ്‌പോള്‍ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക്സ്, എന്‍ഡിഎയ്ക്ക് 371 സീറ്റുകളും ‘ഇന്ത്യ’യ്ക്ക് 125 സീറ്റുകളും ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍ റിപ്പബ്ലിക് ടിവി-പി മാര്‍ക്ക് പറയുന്നത് എന്‍ഡിഎക്ക് 359ഉം ഇന്ത്യാ മുന്നണിക്ക് 154ലും സീറ്റുകള്‍ ലഭിക്കുമെന്നാണ്.
ആറാഴ്ച നീണ്ടുനിന്ന, 1951-52 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനാണ് ഇന്ന് തിരശ്ശീല വീണത്. ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് വലിയ വിജയം പ്രവചിച്ചാണ് ഫലങ്ങളെല്ലാം എത്തിയത്.
2019ലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
2019-ല്‍ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും മോദി തരംഗം അടിവരയിട്ടിരുന്നു. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ, ന്യൂസ് 24- ടുഡേ ചാണക്യ എക്‌സിറ്റ് പോളുകളാണ് യഥാര്‍ഥ ഫലത്തോട് ഏറ്റവും കൂടുതല്‍ ചേര്‍ന്നു നിന്നത്. 339 മുതല്‍ 365 വരെ സീറ്റ് എന്‍ഡിഎ നേടുമെന്നായിരുന്നു ഇന്ത്യ ടുഡെ-ആക്‌സിസ് ഇന്ത്യ പ്രവചനം. യുപിഎ 77-നും 108-നും ഇടയില്‍ ഒതുങ്ങുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു. രാജ്യത്ത് ശക്തമായ മോദി തരംഗം നിലനില്‍ക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു.
ന്യൂസ് 24-ടുഡേസ് ചാണക്യ സര്‍വെ എന്‍ഡിഎയ്ക്ക് പ്രവചിച്ചിരുന്നത് 350 സീറ്റായിരുന്നു. ബിജെക്ക് മാത്രം 300. യുപിഎ 95 സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 55 സീറ്റില്‍ ഒതുങ്ങുമെന്നും ചാണക്യ പ്രവചിച്ചു. ഫലം വന്നപ്പോള്‍ 353 സീറ്റ് ആണ് എന്‍ഡിഎ സഖ്യം നേടിയത്. യുപിഎ 91 സീറ്റില്‍ ഒതുങ്ങി. ബിജെപിക്ക് 303 സീറ്റും കോണ്‍ഗ്രസ് 52 സീറ്റും.
സി വോട്ടര്‍ എന്‍ഡിഎയ്ക്ക് 287-ഉം യുപിഎയ്ക്ക് 128 സീറ്റും പ്രവചിച്ചു. എബിപി-സിഎസ്ഡിഎസ് സര്‍വെ എന്‍ഡിഎയ്ക്ക് പ്രവചിച്ചത് 277 സീറ്റായിരുന്നു. യുപിഎയ്ക്ക് 230. ടൈംസ് നൗ-വിഎംആര്‍ സര്‍വെ പ്രകാരം എന്‍ഡിഎയ്ക്ക് 306. യുപിഎയ്ക്ക് 132. ഇന്ത്യ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ്‌പോള്‍ എന്‍ഡിഎ സഖ്യത്തിന് 300 സീറ്റാണ് പ്രവചിച്ചിരുന്നത്. യുപിഎയ്ക്ക് 120.