‘ഞങ്ങള്‍ക്ക് ആശങ്കയുണ്ട്…’ ഇന്ത്യ സിഎഎ നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വേഗത്തില്‍ ഇന്ത്യന്‍ പൗരത്വം ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യ നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വ പ്രക്രിയ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ സിഎഎ വേഗത്തിലാക്കുന്നത്.

എന്നാല്‍, നിയമത്തില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് വിമര്‍ശകര്‍ ഇതിനകം തന്നെ സര്‍ക്കാരിനെ ചോദ്യം ചെയ്തിട്ടുണ്ട്. എങ്കിലും, മതപരമായ പീഡനം നേരിടുന്ന അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ് സിഎഎ ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, സിഎഎ നടപ്പിലാക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത തീരുമാനമെടുക്കാനാകില്ലെന്നും അമിത്ഷാ തറപ്പിച്ച് പറഞ്ഞിരുന്നു.

മതസ്വാതന്ത്ര്യത്തെ സിഎഎ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ടോ എന്ന് ചോദിച്ച യുഎസ്, തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ അത് എങ്ങനെ നടപ്പാക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വ്യക്തമാക്കി.

‘മാര്‍ച്ച് 11-ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ നിയമം ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്, ഈ നിയമം എങ്ങനെ നടപ്പാക്കും’, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ വ്യക്തമാക്കിയതിങ്ങനെ. മാത്രമല്ല, മതസ്വാതന്ത്ര്യത്തോടുള്ള ആദരവും നിയമപ്രകാരം എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide