
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിൻ്റെ അന്വേഷണ നടപടികൾ വേഗത്തിലാക്കി. കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി വിരലടയാള വിദഗ്ധരുടെ പരിശോധന ആരംഭിച്ചു. ഇതിൻ്റെ റിപ്പോർട്ട് ഇന്ന് തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നത്.
വിരലടയാള പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റും. മൃതദേഹങ്ങൾ എംബാം ചെയ്യൽ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്യൂനറൽ ഹോമിലെ നടപടികൾ പൂർത്തിയായ ശേഷമേ ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങൂ.
കേസിൽ ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിയായ അനില (32) അറസ്റ്റിലായിട്ടുണ്ട്. സാൻ ഹൊസെയിലെ വീട്ടിൽ വെച്ച് കുത്തേറ്റ് ആൻ കൊല്ലപ്പെട്ടതിന് ശേഷമാണ്, മിൽപീറ്റസിലെ അപ്പാർട്മെൻ്റിന് താഴെയുള്ള പാർക്കിങ് ഏരിയയിൽ വെച്ച് വാഹനമിടിച്ച് ഓഗസ്റ്റ് 28-ന് അഞ്ജന കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരും കേസിൽ അറസ്റ്റിലായ അനിലയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്നും ഈ വർഷത്തെ ഓണാഘോഷം ഉൾപ്പെടെ ഇവർ ഒന്നിച്ചാണ് നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസും സജീവമായി ഇടപെടുന്നുണ്ട്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുറഞ്ഞത് രണ്ടാഴ്ചയോളം സമയമെടുക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Police take crucial step in California murder of Malayali women, start fingerprinting; Police do not reveal reason behind brutality















