
ന്യൂഡൽഹി∙ പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര–ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
അമീറുൽ ഇസ്ലാം തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽനിന്നുള്ള റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. കേസിൽ അന്തിമ ഉത്തരവ് വരുന്നതുവരെയാകും സ്റ്റേയ്ക്ക് പ്രാബല്യമുണ്ടാവുകയെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ മുഖേന ജയിൽ സൂപ്രണ്ടിന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ മറുപടിയും കേസുമായി ബന്ധപ്പെട്ട മറ്റുരേഖകളും ലഭിച്ചതിനു ശേഷമായിരിക്കും സുപ്രീം കോടതി തുടർവാദം കേൾക്കുക. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാൻ ഹൈക്കോടതിയോടും വിചാരണ കോടതിയോടും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്. ഡിഎൻഎ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.














