
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ തെക്ക് എഡിസണ് സിറ്റിയിലെ തന്റെ വീടിനുമുന്നില്‍ 2022 ലാണ് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി ഗോപി സേത്ത് അമിതാഭ് ബച്ചന്റെ ഒരു പ്രതിമ സ്ഥാപിച്ചത്. ഇവിടെ എത്തിയ വിനോദ സഞ്ചാരികള്‍ പതിയെപതിയെ ഈ പ്രതിമയ്ക്കൊപ്പം ചിത്രങ്ങള്‍ എടുക്കാനും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാനും തുടങ്ങി. കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ ഇപ്പോള്‍ ഈ പ്രതിമ ഗൂഗിള്‍ മാപ്പിലും ഇടം പിടിച്ചു. ഒരു വിനോദസഞ്ചാര കേന്ദ്രമായി ഈ പ്രതിമ ഇരിക്കുന്ന ഇടം പട്ടികപ്പെടുത്തിയിരിക്കുന്നു!.
”അമിതാഭ് ബച്ചന് പ്രതിമയ്ക്ക് നന്ദി, ഞങ്ങളുടെ വീട് ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറി. ഗൂഗിള്‍ സെര്‍ച്ച് അംഗീകരിച്ച ഈ സൈറ്റിന് ഓരോ ദിവസവും സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” ഗോപി സേത്ത് സന്തോഷം പങ്കുവെച്ചു.
ബിഗ് ബിയുടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരിടമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ സേത്തിന്റെ വീടിരിക്കുന്ന ഇടം. ദിവസേന, 20 മുതല്‍ 25 വരെ കുടുംബങ്ങള്‍ ഇവിടെ എത്താറുണ്ടെന്നും സന്ദര്‍ശകര്‍ പലപ്പോഴും ആശംസാ കാര്‍ഡുകളും കത്തുകളും ഇവിടെ വയ്ക്കാറുണ്ടെന്നും സേത്ത് പറയുന്നു.
തന്റെ വീടിന്റെ ജനപ്രീതി വ്യക്തിപരമായ സന്ദര്ശനങ്ങള്ക്കപ്പുറമാണെന്ന് സേത്ത് പറഞ്ഞു. ”ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞുനില്ക്കുന്ന ഈ വീടും ഇവിടുത്തെ പ്രതിമയും കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കുകയാണ്. ആരാധകര്‍ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ, ഇന്റര്‍നെറ്റിലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനായി തന്റെ വീട് മാറിയെന്നും സേത്ത് പറയുന്നു.