
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശിയായ പതിനാലുകാരനെ അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
തിക്കോടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിക്കുകയും കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അതേസയമം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാകുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.