ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജന്‍ സഹോദരനെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്തു, അമ്മയ്ക്കും പരുക്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനായ യുവാവ് തന്റെ സഹോദരനെ വെടിവെച്ചു കൊല്ലുകയും അമ്മയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത് ആത്മഹത്യ ചെയ്തു. കരംജിത് മുള്‍ട്ടാനി എന്ന 33കാരനാണ് തന്റെ സഹോദരന്‍ 27കാരന്‍ വിപന്‍പാലിനെ ഞായറാഴ്ച വെടിവെച്ച് കൊലപ്പെടുത്തിയത്. റിച്ച്മണ്ട് ഹില്‍ പരിസരത്തുള്ള അവരുടെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. സഹോദരനെ നിരവധി പ്രാവശ്യം വെടിവെച്ച കരംജിത് അമ്മയുടെ വയറ്റിലും മുറിവേല്‍പ്പിച്ചിരുന്നു.

സംഭവത്തിനു ശേഷം കരംജിത് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് വെച്ച് സ്വയം വെടിവെച്ച് മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് നിരവധി വെടിയേറ്റ മുറിവുകളുമായി രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിപന്‍പാലിനെയും 52 വയസ്സുള്ള അവരുടെ അമ്മയേയും കണ്ടെത്തി. അമ്മയെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരംജിത്‌നെ മുള്‍ട്ടാനിയെ തെരുവിലെ മറ്റൊരിടത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു തലയില്‍ വെടിയേറ്റ മുറിവും സമീപത്ത് തോക്കും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ഏഷ്യന്‍ വംശജരുടെ വലിയൊരു വിഭാഗമ താമസമാക്കിയ സ്ഥലമാണ് റിച്ച്മണ്ട് ഹില്‍. അവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നോ കരീബിയനില്‍ നിന്നോ ഉള്ളവരാണ്. പ്രദേശത്തെ ജനസംഖ്യയുടെ 26 ശതമാനത്തോളം വരും ഇവര്‍.