
താനെ: ‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരക്കെതിരെ വിണ്ടും കേസ്. എന്ന ചിത്രത്തില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചില രംഗങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് എടുത്തത്. മീരാ-ഭയാന്ദര്‍ സ്വദേശിയായ 48 കാരനാണ് പരാതി നല്‍കിയത്. നയന്‍താരയ്ക്കും മറ്റ് എട്ട് പേര്‍ക്കുമെതിരെ താനെ ജില്ലയിലെ നയാ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153-എ, 295-എ , 505 (2), 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി താരത്തിനും നിര്‍മ്മാതാവും ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി താനെ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ മാസം റിലീസ് ചെയ്ത ‘അന്നപൂരണി’ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിലുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹിന്ദുത്വ സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം മുംബൈയിലും രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചിത്രം ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈ പോലീസ് കേസെടുത്തത്. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലും ഓഷിവാര പൊലീസ് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചു.