
വാഷിംഗ്ടണ്‍: ഒരു വലിയ യുദ്ധം ഒഴിവാക്കാന്‍ ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിലേക്ക് വെടിനിര്‍ത്തല്‍ കരാറിനെ കൈപിടിച്ചുയര്‍ത്താന്‍ തീവ്ര ശ്രമവുമായി അമേരിക്ക. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഞായറാഴ്ച ഇസ്രായേലില്‍ എത്തി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി ബ്ലിങ്കന്‍ തിങ്കളാഴ്ച പ്രത്യേകം കൂടിക്കാഴ്ച നടത്തും.
എന്നാല്‍, ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ മധ്യ പട്ടണമായ ദേര്‍ അല്‍-ബാലയിലെ ഒരു വീടിന് നേരെയായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം.
സമീപ ആഴ്ചകളില്‍ രൂക്ഷമായ പോരാട്ടത്തിന് വേദിയായ തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തതായും 20 പലസ്തീന്‍ പോരാളികളെ വധിച്ചതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാനും ഗാസയില്‍ ബന്ദികളാക്കിയവരെ തിരിച്ചയക്കുന്നതിനുള്ള കരാര്‍ ഉറപ്പിക്കാനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ അടുത്തിയെയായി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദോഹയില്‍ നടന്ന ദ്വിദിന യോഗത്തിന് ശേഷം യു.എസ്, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച കെയ്റോയില്‍ തുടരും.













