
തിരുവനന്തപുരം: പുതുതായി വാങ്ങിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടന ദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിലും ആന്റണി രാജു പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചു. താൻ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തുടങ്ങിയത്. ഇലക്‌ട്രിക് ബസ് തൻ്റെ കുഞ്ഞാണ്. ബസ്സ് നിരത്തിലിറങ്ങുമ്പോൾ അച്ഛൻ്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുൻ മന്ത്രി ഡിപ്പോയിലെത്തി ബസുകൾ സന്ദർശിച്ചു. പുത്തരിക്കണ്ടത്ത് വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മണ്ഡലം മാറ്റി ക്രമീകരിച്ചത് എങ്ങനെ എന്നറിയില്ലെന്ന് ആൻ്റണി രാജു പറഞ്ഞു.
പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോഴാണ് മണ്ഡലം മാറ്റിയ വിവരം അറിയുന്നത്. സാധാരണ നഗരത്തിൻ്റെ ഹൃദയഭാഗങ്ങളിലാണ് ഇത്തരം പരിപാടികളും ഉദ്ഘാടനവും നടത്തുക. മണ്ഡലം മാറിയത് എങ്ങനെ എന്നറിയില്ല.
“ഇതിലെ വെറുതേ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടന കര്‍മത്തിനായി ഒരുക്കിനിര്‍ത്തിയിരിക്കുന്നത് കണ്ടത്. എന്നോട് ബന്ധപ്പെട്ടവര്‍ പറഞ്ഞത് പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണ് ഇത്രയും ബസുകള്‍ ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു. എന്നാല്‍, ഇവിടെവെച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോളാണ് അറിയുന്നത്,” അദ്ദേഹം പറഞ്ഞു.