പാലക്കാട്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യപ്രതി പിടിയില്‍. പ്രധാന പ്രതി അഖിലാണ് പോലീസ് പിടിയിലായത്. പാലക്കാട് നിന്നാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതികളായ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍, കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ തുടങ്ങിയവരടക്കം ഒളിവില്‍ കഴിയുന്ന പന്ത്രണ്ട് പേര്‍ക്കായായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് പ്രതികളില്‍ പ്രധാനിയായ അഖില്‍ പിടിയിലാകുന്നത്.
നഗ്‌നനാക്കിയുള്ള ആള്‍ക്കൂട്ട വിചാരണയ്ക്കും, ക്രൂര മര്‍ദ്ദനത്തിനും ഇരയായ ശേഷം തൂങ്ങി മരിച്ച സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ ആറ് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ് എഫ് ഐ യൂണിറ്റ് അംഗം എസ് അഭിഷേക്, രെഹാന്‍ ബിനോയ്, എസ് ഡി ആകാശ്, ആര്‍ ഡി ശ്രീഹരി, ബില്‍ ഗേറ്റ്‌സ് ജോഷ്വ, ഡോണ്‍സ് ഡായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. റാഗിംഗ്, മര്‍ദ്ദനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.