
ന്യൂയോര്‍ക്ക്: ഏഷ്യാനെറ്റ് ന്യൂസും , ഷിജോസ് ട്രാവല്‍ ഡയറിയും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷയാത്രയും, ഓണസദ്യയും അമേരിക്കന്‍ മലയാളികള്‍ക്ക് നവ്യാനുഭവമായി. വളരെ വ്യത്യസ്തമായും, കാലാനുസൃതമായ ആഘോഷ ശൈലിയും ഉള്‍ക്കൊണ്ടാണ് 100 ലധികം പേര്‍ പങ്കെടുത്ത ഓണാഘോഷം സംഘടിപ്പിച്ചത്.

സിത്താര്‍ പാലസില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മാവേലി മന്നനെ അമേരിക്കന്‍ സമൂഹത്തിന് മുന്‍പിലേക്ക് ആനയിച്ചുകൊണ്ട് ഓണാഘോഷയാത്ര ആരംഭിച്ചു. സിത്താര്‍ പാലസില്‍ നിന്നും ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് മാര്‍ഗം മാവേലി തമ്പുരാനെ ഏറെ പുതുമയാര്‍ന്ന ജലയാത്രക്കായി ഹഡ്സണ്‍ റിവര്‍ പിയര്‍ 62 വിലേക്ക് എത്തിച്ചു. തുടര്‍ന്ന് ആര്‍പ്പുവിളികളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആഡംബര നൗകയിലേക്ക് ആനയിച്ചു.

ഓണസ്മരണകള്‍ പങ്കുവെച്ചു ഓണപ്പാട്ടുകള്‍ ആലപിച്ചും 2 മണിക്കൂര്‍ നീണ്ടു നിന്ന ജലയാത്ര ഏവര്‍ക്കും പുത്തന്‍ അനുഭവമായി. ജെംസണ്‍ കുര്യാക്കോസിന്റെയും, ബിന്ദ്യ ശബരിയുടെയും ഗാനാലാപനം ഓണാഘോഷച്ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. ചടങ്ങില്‍ ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ ആനി പോള്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമാ സെക്രട്ടറി ബൈജു വര്‍ഗീസ്, ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന ട്രഷറര്‍ ജോയ് ചാക്കപ്പന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി, ഫോമ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷിനു ജോസഫ് എന്നിവരും സാമൂഹിക-സാംസ്‌കാരിക – വ്യാവസായിക രംഗത്തെ പ്രമുഖരും ഓണാശംസകള്‍ നേര്‍ന്നു.

ജലയാത്രക്ക് ശേഷം ഓണാഘോഷയാത്ര ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പറുദീസയായ ടൈം സ്‌ക്വയറിലേക്കാണ് എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ടൈംസ്‌ക്വറിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള മാവേലി മന്നന്റെ വരവ് ഹര്‍ഷാരവത്തോടെയും, കൗതുകത്തോടെയുമാണ് ഏവരും സ്വീകരിച്ചത്. മാവേലിയുടെ ഒപ്പം നിന്ന് സെല്‍ഫി എടുക്കാനുള്ള തിരക്ക് പലപ്പോഴും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വ്യത്യസ്തമായ ഒരു ഓണാഘോഷത്തില്‍ പങ്കെടുത്ത ചാരിതാര്‍ഥ്യത്തോടെയാണ് ഏവരും പിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് യു.എസ്.എ ഹെഡ് ഡോ: കൃഷ്ണ കിഷോര്‍, ഷിജോ പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷയാത്രയുടെ വിജയത്തിന് അരുണ്‍ കോവാട്ട്, ഷൈബു വര്‍ഗീസ്, ഹരികുമാര്‍ രാജന്‍, ജെംസണ്‍ കുര്യാക്കോസ്, അനില്‍ പുത്തന്‍ചിറ എന്നിവരും സജീവ സാന്നിധ്യമായിരുന്നു. കാണികളുടെ മനംകവര്‍ന്ന മാവേലി മന്നനായി റോഷിന്‍ പ്‌ളാമൂട്ടില്‍ വേഷപ്പകര്‍ച്ച നടത്തി. ജോസഫ് തടവനാല്‍ ആണ് മാവേലിക്കായി ചമയങ്ങള്‍ ഒരുക്കിയത്.

ജോയ് ആലുക്കാസ്, വെല്‍കെയര്‍ ഫാര്‍മസി, ഗ്ലോബല്‍ കൊളിഷന്‍ ബോഡി വര്‍ക്സ്, മഹാരാജാ ഫാര്‍മേഴ്സ് മാര്‍ക്കറ്റ്, വുഡ്ലാന്‍സ് ഇന്‍ റിസോര്‍ട്ട്, സിത്താര്‍ പാലസ് റെസ്റ്റോറന്റ് എന്നിവര്‍ സ്‌പോണ്‍സര്‍മാരായിരുന്നു.
കൂടുതല്‍ ചിത്രങ്ങളിതാ…

































