
മക്ഡൊണാള്‍ഡ്സ് ക്വാര്‍ട്ടര്‍ പൗണ്ടേഴ്സ് കഴിച്ചതോടെ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കുറഞ്ഞത് 75 ആയെന്ന് യു. എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മാരകമായ ഇ.കോളി ബാധയാണ് ഇവരില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച 49 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയോടെ അത് 75 ആയി ഉയരുകയായിരുന്നു. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മക്ഡൊണാള്‍ഡ്സില്‍ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയ്ക്ക് ഇരയായത്. ഇതുവരെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതരായവരില്‍ ഭൂരിഭാഗവും 13-നും 88-നും ഇടയില്‍ പ്രായമുള്ളവരാണ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ, ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം എന്ന ഗുരുതരമായ വൃക്കരോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇത് സ്ഥിരമായ വൃക്ക തകരാറിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാമെന്ന് (സിഡിസി) പറയുന്നു.















