
ചിക്കാഗോ: ചിക്കാഗോയിലെ ഒരു ഗ്യാസ് സ്റ്റേഷൻ കൺവീനിയൻസ് സ്റ്റോറിൽ നിന്ന് എടിഎം മോഷ്ടിച്ച ഒരു കൂട്ടം കവർച്ചക്കാർക്കായി തിരച്ചിൽ ഊർജിതമാക്കി. പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് സുരക്ഷാ ഗേറ്റും മുൻവാതിലും തകർത്താണ് എടിഎം കവർച്ച നടത്തിയത്.
7600 എസ് സൗത്ത് ഷിക്കാഗോ അവന്യുവിലെ സിറ്റ് ഗോ സ്റ്റേഷനിലെ ക്വിക്ക് മാർട്ട് എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച. അലി എന്ന വ്യക്തിയുടേതാണ് ക്വിക്ക് മാർട്ട്. പിക്കപ്പ് ട്രക്കും ചങ്ങലയും ഉപയോഗിച്ച് മുൻവശത്ത് സ്ഥാപിച്ചിരുന്ന വലിയ ബാരിക്കേഡുകൾ മറികടന്ന് രാത്രി രണ്ടു മണിക്കാണ് കവർച്ച നടത്തിയത്. ഏതാണ്ട് 5 പേരെ സിസിടിവി ക്യാമറയിൽ കാണാം. മിനിറ്റുകൾ കൊണ്ട് അവർ എടിഎം കരസ്ഥമാക്കി ഒരു കറുത്ത എസ് യു വിയിൽ സ്ഥലം വിട്ടു.
രണ്ടാം തവണയാണ് ഇതേ എടിഎം കവർച്ച നടത്തുന്നത് എന്ന് ഗ്യാസ് സ്റ്റേഷൻ ഉടമ അലി പൊലീസിനോട് പറഞ്ഞു. ആദ്യ തവണത്തെ കവർച്ചയ്ക്കു ശേഷം സുരക്ഷ ശക്തമാക്കിയിരുന്നെന്നും അതിന് ഉപയോഗിച്ച പണമത്രയും വെള്ളത്തിലായെന്നും അലി പറയുന്നു. “പോലീസ് എത്തുമ്പോഴേക്കും അവർ എടിഎമ്മുകളുമായി പോയിരുന്നു – അവർ ഗ്യാസ് സ്റ്റേഷന് ഈ കേടുപാടുകൾ വരുത്തി.”
“എടിഎം ലഭ്യമാണ്” എന്നെഴുതിയ മഞ്ഞ ബോർഡ് അലി ദൂരെ കളഞ്ഞു. ക്വിക്ക് മാർട്ടിൽ ഇനി എടിഎം ലഭ്യമാകില്ലെന്നും അലി പറഞ്ഞു.
അലിയുടെ ക്വിക്ക് മാർട്ടിലെ രണ്ടാമത്തെ മോഷണം മാത്രമല്ല, നഗരത്തിൽ ഈ ആഴ്ച നടക്കുന്ന നാലാമത്തെ എടിഎം കവർച്ച കൂടിയാണിതെന്ന് ചിക്കാഗോ പൊലീസ് പറഞ്ഞു.















