
അറോറകള്‍ അഥവാ ധ്രുവദീപ്തി എന്നറിയപ്പെടുന്ന വര്‍ണവിസ്മയ ആകാശക്കാഴ്ചയാണ് യു.എസിനെ ഇപ്പോള്‍ കണ്‍കുളിര്‍ക്കെ നിറയ്ക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്ന അറോറകള്‍ ശനി, ഞായര്‍ ദിവസങ്ങളിലും ഒരുപക്ഷേ അടുത്ത ആഴ്ചയിലും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
‘ധ്രുവ ദീപ്തി’ അഥവാ അറോറ എന്നത് ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ്. സൂര്യനില്‍ നിന്നുള്ള സൗരവാതങ്ങളിലുള്ള ചാര്‍ജ്ജിത കണങ്ങള്‍ ഭൂകാന്തിക ക്ഷേത്രത്തില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ് ധ്രുവ ദീപ്തിക്ക് കാരണം. ഉത്തര ധ്രുവത്തില്‍ കാണുന്നതാണെങ്കില്‍ അത് നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ ബോറിയാലിസ് എന്നും ദക്ഷിണ ധ്രുവത്തിലാണെങ്കില്‍ അവ ദക്ഷിണ ധ്രുവദീപ്തി അഥവാ അറോറ ഓസ്ട്രലിസ് എന്നും അറിയപ്പെടുന്നു. ഭൂമിയില്‍ ഇവ 80 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ ഉയരം വരെ കാണപ്പെട്ടിട്ടുണ്ട്.
വിവിധ നിറങ്ങളില്‍ ആകാശത്ത് വര്‍ണവിസ്മയം വിരിച്ചാണ് അറോറകള്‍ വന്നുപോകുക. ചിലപ്പോള്‍ പച്ചയും വയലറ്റും ചുവപ്പും…അങ്ങനെ കാഴ്ചയുടെ വര്‍ണവിസ്മയമാണ് ഇതൊരുക്കുക. ഈ വാരാന്ത്യത്തില്‍ യുഎസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അറോറ ബൊറിയാലിസ് കാണാന്‍ കഴിയുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. അലബാമ, വടക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ക്ക് ഈ വാരാന്ത്യത്തില്‍ മനോഹരമായ ആകാശക്കാഴ്ച ഉറപ്പാണ്. ഇനി ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് അറോറ വിസ്മയം തീര്‍ക്കുമെന്നും കാഴ്ചക്കാര്‍ക്ക് ഇത് മികച്ച അനുഭവമാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസിനു പുറമേ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളിലും അറോറ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കാഴ്ചക്കാര്‍ക്ക് മികച്ച അറോറ ആസ്വദിക്കാന്‍ അറോറ സ്‌പോട്ടുകളില്‍ എത്തേണ്ടി വന്നേക്കാം ചിലപ്പോള്‍.