ഓഫീസ് സമയം കഴിഞ്ഞാൽ ഇനി ബോസിനെ സഹിക്കേണ്ട; പുതിയ നിയമവുമായി ഓസ്ട്രേലിയ

ജോലി സമയം കഴിഞ്ഞാൽ മേലധികാരികളെ അവഗണിക്കാൻ ഓസ്ട്രേലിയക്കാർക്ക് ഔദ്യോഗിക അനുമതി. തിങ്കളാഴ്ച മുതൽ ഓസ്ട്രേലിയയിൽ ‘റൈറ്റ് ടു ഡിസ്കണക്ട്’ നിയമം നിലവിൽ വന്നു. ഫെബ്രുവരിയിലാണ് ഈ നിയമം പാസായത്.

ഓഫീസ് സമയത്തിനുശേഷം വരുന്ന ജോലിസംബന്ധമായ ഫോണ്‍ കോളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് നല്‍കുന്നതാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം. ഉടനടി നടപടി ആവശ്യമുള്ള, കാത്തിരിക്കാന്‍ സാധിക്കാത്ത അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

വന്‍കിട കമ്പനികളില്‍ തിങ്കളാഴ്ചമുതൽ നിലവിൽ വന്ന നിയമം, 15 ജീവനക്കാരില്‍ താഴെയുള്ള കമ്പനികളില്‍ അടുത്തവര്‍ഷം ഓഗസ്റ്റ് 26 മുതലും നിലവില്‍വരും. ഒരു ട്രിബ്യൂണലിനായിരിക്കും നിയമനടത്തിപ്പിന്റെ ചുമതല. മേലധികാരികള്‍ അനാവശ്യമായി ജോലിക്കാരുമായി ബന്ധപ്പെടുന്നത് ട്രിബ്യൂണല്‍ തടയും. അവശ്യസമയങ്ങളിലെ മേലധികാരികളുടെ സന്ദേശങ്ങള്‍ ജീവനക്കാര്‍ അവഗണിക്കുന്നത് ഒഴിവാക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടാകും.

ജീവനക്കാർക്ക് അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുന്നതിനോ ഇഷ്‌ടമുള്ള കാര്യങ്ങളിലേർപ്പെടാനോ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സാധിക്കും. ഇതേ നിയമം ഫ്രാൻസിലും ജർമനിയിലും യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലും നിലവിൽ വന്നിട്ടുണ്ട്.

More Stories from this section

family-dental
witywide