ബി വൈറസിന്റെ ആദ്യ കേസ് ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്തു

ഹെര്‍പ്പസ് സിമിയ വൈറസ് എന്ന ബി വൈറസ് ഹോങ്കോങിലും മനുഷ്യരിലേക്ക് എത്തിയിരിക്കുന്നു. ഇത് സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസ് ഹോങ്കോങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഈ ആഴ്ച പ്രഖ്യാപിച്ചു.

ഫെബ്രുവരി അവസാനം കാം ഷാന്‍ കണ്‍ട്രി പാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ കാട്ടു കുരങ്ങുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 37 കാരനായ ഒരാള്‍ക്കാണ് ഗുരുതരമായതും എന്നാല്‍ വളരെ അപൂര്‍വവുമായ വൈറല്‍ അണുബാധ കണ്ടെത്തിയത്. നേരത്തെ നല്ല ആരോഗ്യവാനായിരുന്ന ഇയാളെ മാര്‍ച്ച് 21ന് പനിയും ബോധക്ഷയവും മൂലം യാന്‍ ചായ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സെന്റര്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പുരുഷന്റെ സെറിബ്രോസ്‌പൈനല്‍ ഫ്‌ലൂയിഡ് സ്‌പെസിമെന്‍ ബി വൈറസിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് നിലവില്‍ ഗുരുതരാവസ്ഥയിലാണ്.

ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കേസ് അന്വേഷിക്കുന്നു, വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് കാട്ടു കുരങ്ങുകളെ തൊടുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്യുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോങ്കോങ്ങില്‍, ഏകദേശം 1800 ഓളം കാട്ടു കുരങ്ങുകള്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. കാം ഷാന്‍, ലയണ്‍ റോക്ക്, ഷിംഗ് മുന്‍ കണ്‍ട്രി പാര്‍ക്കുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.

ഹോങ്കോങ്ങില്‍ ഇത് ആദ്യ കേസാണെങ്കിലും യുഎസ്, കാനഡ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും കുരങ്ങുകളുടെ കടിയേറ്റവര്‍ക്കും മാന്തലുകളോ പോറലുകളോ ഏറ്റവരിലുമാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഈ രോഗബാധ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് വളരെ അപൂര്‍വമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. കുരങ്ങുകളുടെ ഉമിനീര്‍, മൂത്രം, മലം എന്നിവയില്‍ ബി വൈറസ് കാണപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide