
ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ട ഡാലി കപ്പലിലെ 8 ഇന്ത്യൻ നാവികർക്ക് വീട്ടിലേക്ക് പോകാൻ അനുമതി. 12 ആഴ്ചകൾ കപ്പലിനുള്ളിൽ കഴിഞ്ഞ 21 നാവികരിൽ 8 പേർക്കാണ് വീട്ടിൽ പോകാൻ കോടതി അനുമതി നൽകിരിക്കുന്നത്. നാവികരിൽ 20 പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്.
വീട്ടിൽ പോകാൻ വ്യാഴാഴ്ച കോടതി ഇവർക്ക് അനുമതി നൽകുകയായിരുന്നു. ബാക്കി 13 പേരും അമേരിക്കയിൽ തന്നെ തുടരേണ്ടതുണ്ട്. ക്യാപ്റ്റൻ അടക്കമുള്ളവർ അമേരിക്കയിൽ തുടരണം. കേസിൻ്റെ നടപടി ക്രമങ്ങൾ തീരാൻ ഏതാണ്ട് ഒരു വർഷം സമയം എടുക്കും. അതുവരെ ഇവർ ഇവിടെ തുടരേണ്ടി വരുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവരോട് ഇവിടെ തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നു വൈകിട്ടോടെ ഡാലി കപ്പൽ കൂടുതൽ അറ്റകുറ്റപ്പണിക്കായി വെർജീനിയയിലെ നോർഫോക്കിലെ കപ്പൽശാലയിലേക്ക് മാറ്റും. അപ്പോൾ കപ്പലിൽ 4 നാവികർ ഉണ്ടായിരിക്കണം. അതിനാൽ 4 പേർ കപ്പലിൽ തുടരും. ബാക്കി ഉള്ളവരെ ബാൾട്ടിമോർ പ്രദേശത്തെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ എട്ടു പേരെ വിട്ടയക്കുന്നത് സംബന്ധിച്ച് ബാൾട്ടിമോർ മേയർ അടക്കം എതിർപ്പ് അറിയിച്ചിട്ടുണ്ട്. അപകടത്തിന് കാരണക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന നിലപാടിലാണ് മേയറും ബ്രിഡ്ജ് ഇൻസ്പെകടറുമെല്ലാം. ബ്രിഡ്ജ് ഇൻസ്പെക്ടർ മേരിലാൻ്റ് ജില്ലാ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് വേറെ നൽകിയിട്ടുണ്ട്. എന്നാൽ പാചകക്കാരൻ, ഫിറ്റർ, ഓയിലർ തുടങ്ങിയ ജോലികളിലുള്ള 8 പേരെയാണ് വിട്ടയച്ചിരിക്കുന്നത്. ബാക്കി ഓഫിസർമാരും നാവികരും കപ്പലിൽ തുടരണം. അവർക്ക് എന്നു വീട്ടിൽ പോകാമെന്നോ എന്തൊക്കെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നോ അറിയില്ല.അവർ ആശങ്കയിലാണ്
മാർച്ച് 26നായിരുന്നു കപ്പലിടിച്ച് ബാൾട്ടിമോർ പാലം തകർന്ന അപകടം. സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേസ് ഓഷൻ കമ്പനിയുടെ കപ്പലാണ് ഡാലി. എന്നാൽ കപ്പലിൻ്റെ നടത്തിപ്പ് മലയാളിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പിനായിരുന്നു. കപ്പൽ ബാൾട്ടിമോർ തുറമുഖത്തുനിന്ന് ശ്രീലങ്കയിലേക്ക് പോവുകയായിരുന്നു. യാത്ര തുടങ്ങിയ ഉടൻതന്നെ കപ്പലിലെ ഇലക്ട്രിക് സംവിധാനം തകരാറിലാവുകയും കപ്പലിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോർ പാലത്തിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽ, പാലത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന 6 ജോലിക്കാർ പട്ടാസ്കോ നദിയിൽ വീണ് കൊല്ലപ്പെട്ടു. ബാൾട്ടിമോർ തുറമുഖത്തേക്കുള്ള ചരക്കു നീക്കം നിലയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലത്തിന്റെ അവശിഷ്ടങ്ങൾ കപ്പലിൽ നിന്ന് പൊളിച്ചു മാറ്റി കപ്പൽ അപകട സ്ഥലത്തു നിന്ന് നീക്കുകയും കപ്പൽപാത സുഗമമാക്കുകയും ചെയ്തു. ഏതാണ്ട് രണ്ടു മാസത്തോളം എടുത്ത് കപ്പൽ ഗതാഗതം പുനസ്ഥാപിക്കാൻ.
Baltimore Bridge ; Collapse 8 crew members of Dali Ship can Leave US