ബാള്‍ട്ടിമോര്‍ പാലം അപകടം: എല്ലാത്തിനും കാരണക്കാര്‍ കപ്പല്‍ ഉടമയും മാനേജരും; ബാള്‍ട്ടിമോര്‍ മേയറും സിറ്റി കൗണ്‍സിലും കോടതിയില്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ മാസം യു.എസിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികള്‍ എന്ന് കാട്ടി കപ്പലിന്റെ ഉടമയ്ക്കും മാനേജര്‍ക്കും എതിരെ ബാള്‍ട്ടിമോര്‍ മേയറും സിറ്റി കൗണ്‍സിലും കേസ് ഫയല്‍ ചെയ്തു.

കപ്പലിന്റെ ഉടമയും മാനേജരും മാരകമായ തകര്‍ച്ചയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം വഹിക്കണമെന്ന് ബാള്‍ട്ടിമോര്‍ മേയര്‍ക്കും സിറ്റി കൗണ്‍സിലിനും വേണ്ടി തിങ്കളാഴ്ച സമര്‍പ്പിച്ച കോടതി രേഖകളില്‍ പറയുന്നു.

തിങ്കളാഴ്ച മേരിലാന്‍ഡ് ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, സിംഗപ്പൂര്‍ ഫ്‌ലാഗ് ചെയ്ത കപ്പലിന്റെ രജിസ്റ്റര്‍ ചെയ്ത ഉടമയായ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും അതിന്റെ മാനേജര്‍ സിനര്‍ജി മറൈന്‍ ഗ്രൂപ്പില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാലി എന്ന കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ കമ്പനികള്‍ അശ്രദ്ധ കാണിച്ചതായി കേസില്‍ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, പാലത്തിന്റെ നഷ്ടം നഗരത്തിന്റെ സാമ്പത്തിക നടത്തിപ്പിനെ തകര്‍ത്തുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിംഗപ്പൂര്‍ ആസ്ഥാനമായ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡാലി എന്ന കപ്പല്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള സിനര്‍ജി മറൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ മാനേജര്‍.

പാലം തകര്‍ന്നപ്പോള്‍ മരണപ്പെട്ടത് ആറുപേരായിരുന്നു. ഈ ഇരകളെയും അവരുടെ കുടുംബങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകരും കമ്പനികളെ ഉത്തരവാദികളാക്കുമെന്നും പരിമിതമായ ബാധ്യതയ്ക്കുള്ള അവരുടെ അഭ്യര്‍ത്ഥനയെ എതിര്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പാലം തകര്‍ന്ന് വീണ നദിയില്‍ നിന്ന് ആയിരക്കണക്കിന് ടണ്‍ ഉരുക്കും കോണ്‍ക്രീറ്റും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ചില കപ്പലുകള്‍ പ്രദേശത്തുകൂടി കടന്നുപോകാനായി മൂന്ന് താല്‍ക്കാലിക ചാനലുകള്‍ തുറന്നിട്ടുണ്ട്, എന്നാല്‍ തുറമുഖത്തിന്റെ പ്രധാന ഷിപ്പിംഗ് ചാനല്‍ ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide