
വാഷിംഗ്ടണ്‍: മാര്‍ച്ചില്‍ ചരക്കുകപ്പല്‍ ഇടിച്ച് ബാള്‍ട്ടിമൂര്‍ പാലം തര്‍ന്നതോടെ താറുമാറായ കപ്പല്‍ ഗതാഗതപാത തിങ്കളാഴ്ച വീണ്ടും തുറന്നതായി അധികൃതര്‍ അറിയിച്ചു. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ വീണുകിടക്കുന്നതിനാല്‍ രണ്ടുമാസത്തിലേറെയായി താത്ക്കാലിക പാതകള്‍ തുറന്നെങ്കിലും പ്രധാന പാത അടഞ്ഞുകിടക്കുകയായിരുന്നു.
ബാള്‍ട്ടിമോര്‍ തുറമുഖം അമേരിക്കയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നും വാഹന വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രവുമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 850,000 ഓട്ടോകളും ലൈറ്റ് ട്രക്കുകളും ഇവിടെ നിന്നും കപ്പല്‍മാര്‍ഗം കയറ്റി അയച്ചിരുന്നു.
യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാരും നേവി സാല്‍വേജ് ഡൈവര്‍മാരും ചേര്‍ന്ന് പടാപ്സ്‌കോ നദിയില്‍ നിന്ന് ഏകദേശം 50,000 ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിനാലാണ് ഇപ്പോള്‍ പാത വീണ്ടും തുറക്കാനായത്. പഴയ പാതയുടെ അതേ അളവിലാണ് അവശിഷ്ടം നീക്കം ചെയ്ത് പാത തുറന്നിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കീ ബ്രിഡ്ജ് റെസ്പോണ്‍സ് യൂണിഫൈഡ് കമാന്‍ഡാണ് പുറത്തുവിട്ടത്.
പരിശോധനയ്ക്കു ശേഷം തിങ്കളാഴ്ചയാണ് നദിയിലൂടെയുള്ള പാത ഗതാഗതത്തിന് സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. കപ്പല്‍ പാത പൂര്‍ണ്ണമായി തുറമുഖ പ്രവര്‍ത്തനങ്ങളിലേക്ക് പുനരാരംഭിച്ചെന്നും ഇതിനായി നടത്തിയ ശ്രമങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാരുടെ കമാന്‍ഡിംഗ് ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ സ്‌കോട്ട് സ്‌പെല്‍മോന്‍ പറഞ്ഞു. എല്ലാവരുടേയും പങ്കാളിത്തം ഈ സുപ്രധാന ദൗത്യം വിജയകരമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 26നാണ് സിംഗപ്പൂരിലെ ഡാലി എന്ന കൂറ്റന്‍ ചരക്കു കപ്പല്‍ വൈദ്യുതി നഷ്ടപ്പെടുകയും ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണില്‍ ഇടിച്ച്അപകടമുണ്ടാക്കുകയും ചെയ്തത്. പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന ആറ് തൊഴിലാളികള്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു. 106,000 ടണ്‍ ഭാരമുള്ള കപ്പല്‍ അപകടസമയത്ത് ശ്രീലങ്കയിലേക്ക് പോവുകയായിരുന്നു.
എഫ്ബിഐയുമായി ചേര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി), ദുരന്തത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കപ്പലില്‍ രണ്ട് തവണ വൈദ്യുതി തടസ്സമുണ്ടായതായി പറഞ്ഞു.
കഴിഞ്ഞ മാസമാണ് നദിയില്‍ പാലത്തിന്റെ അവശിഷ്ടങ്ങളില്‍ക്കുടുങ്ങിക്കിടന്ന ഡാലി വീണ്ടും തുറമുഖത്തേക്ക് എത്തിച്ചത്.