ബാര്‍ കോഴ: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ബാര്‍ കോഴ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പൊതു പ്രവര്‍ത്തകനായ പി.എല്‍. ജേക്കബാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് തള്ളിയത്. 2015-ല്‍ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും, ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നുവെന്ന് ബാര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ആരോപിച്ചിരുന്നുവെന്ന് ജേക്കബിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ അന്നത്തെ ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും കോഴ വാങ്ങിയെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാരിലെ പ്രധാനപ്പെട്ട വ്യക്തികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിച്ചാല്‍ കുറ്റക്കാര്‍ രക്ഷപ്പെടുമെന്ന ആശങ്കയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തില്‍
ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.

More Stories from this section

family-dental
witywide