
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ മേഖലയിലെ താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി നടി ഭാവന. ചെഗുവേരയുടെ വാക്കുകൾ പങ്കുവെച്ചാണ് ഭാവന ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. ‘ലോകത്ത് എവിടെയെങ്കിലും ആർക്കെങ്കിലുമെതിരേ അനീതി നടക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം’ എന്ന ചെഗുവേരയുടെ വാക്കുകളാണ് ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ഉയർന്നുവന്ന പ്രതിസന്ധിയ്ക്കൊടുവിൽ താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ താരങ്ങൾക്കെതിരേ ആരോപണങ്ങളുമായി നടിമാർ രംഗത്തെത്തിയിരുന്നു.
രാവിലെ തിരിഞ്ഞുനോട്ടം എന്ന തലക്കെട്ടിൽ നടി ഭാവന ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിരുന്നു. retrospect എന്ന് ക്യാപ്ഷനോടെയാണ് ഭാവന തിരഞ്ഞ് നിൽക്കുന്ന ചിത്രം പങ്കുവച്ചത്. ഇപ്പോഴുള്ള മുന്നേറ്റങ്ങളുടെ തുടക്കം അക്രമിക്കപ്പെട്ട നടിയിൽ നിന്നാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമായി രമ്യാ നമ്പീശനും മഞ്‍ജു വാര്യരും രംഗത്തെത്തിയിരുന്നു. ‘പോരാടനുള്ള ഒരു സ്ത്രീയുടെ കരുത്തിൽ നിന്നാണ് ഇതെല്ലാം തുടങ്ങിയതെന്ന് മറക്കുത്’എന്നാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചത്.