
വാഷിംഗ്ടണ്‍: നാവു പിഴയുടെ പേരില്‍ വീണ്ടും വീണ്ടും കെണിയില്‍പ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വ്യാഴാഴ്ച വാഷിംഗ്ടണില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒറ്റയ്ക്കുള്ള പത്രസമ്മേളനത്തിന്റെ ആദ്യ ചോദ്യത്തില്‍ തന്നെ ബൈഡനെ നാവു ചതിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ‘വൈസ് പ്രസിഡന്റ് ട്രംപ്’ എന്ന് തെറ്റായി പരാമര്‍ശിച്ചാണ് ബൈഡന്‍ അപഹാസ്യനായത്. സ്ഥിരമായി നാവു പിഴയുടെ ഉടമയായി മാറിക്കൊണ്ടിരിക്കുകയാണ് ബൈഡന്‍.
ട്രംപിനെ തോല്‍പ്പിക്കാന്‍ കമലാ ഹാരിസിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് ബൈഡനെ നാവു ചതിച്ചത്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നതിനു പകരം വൈസ് പ്രസിഡൻ്റ് ട്രംപ് എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഗ്രേറ്റ് ജോബ് ജോ’എന്ന് പറഞ്ഞ് ബൈഡന്റെ പത്ര സമ്മേളനത്തെ പരിഹസിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ നാവു പിഴയെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ അതുപോലെ കുറിക്കുകയും പരിഹസിക്കുകയുമായിരുന്നു.
അതേസമയം, യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ പുടിന്‍ എന്നു വിളിച്ചതും തന്റെ ചീഫ് ഓഫ് സ്റ്റാഫിനെ ‘ കമാന്‍ഡര്‍ ഇന്‍ ചീഫ്’ എന്ന് തെറ്റായി പരാമര്‍ശിച്ചതും ബൈഡന് മേല്‍ കരിനിഴല്‍ വീഴ്ത്തി.
പ്രായാധിക്യവും ശാരീരിക ക്ഷമതയുമടക്കം വലിയ ചര്‍ച്ചയാകുകയും ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പുറത്തുപോകാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുമിടെയാണ് ബൈഡന്‍ ഒരു അപൂര്‍വ പത്രസമ്മേളനം നടത്തിയത്. കുറഞ്ഞത് 14 ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളെങ്കിലും ഇതുവരെ ബൈഡനോട് രാജിവയ്ക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍ഷ്യല്‍ നോമിനി വരുന്നതുവരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ള സംഭാവനകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ചില മെഗാഡോണര്‍മാരും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ബൈഡന് പലതവണ ഓര്‍മ്മക്കുറവ് ഉണ്ടാകുകയും ആളുകളുടെ പേരുപോലും തെറ്റായി പറയുകയും ചെയ്തത് ഇതിനകം ചര്‍ച്ചയായി.










