അടച്ചിട്ട മുറിയിൽ ബൈഡൻ – ഹാരിസ് ചർച്ച, താൻ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി ജോ ബൈഡൻ

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പിന്മാറിയേക്കും എന്ന വലിയ ചർച്ചകൾ പുരോഗമിക്കെ താൻ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബൈഡൻ ഒരിക്കൽ കൂടി വ്യക്തമാക്കി. ബൈഡൻ പിന്മാറാൻ സന്നദ്ധത അറിയിച്ചു എന്ന രീതിയിൽ കുറച്ച് മുമ്പ് വാർത്തകൾ വന്നിരുന്നു.

വൈറ്റ് ഹൗസിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായി ബൈഡൻ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ ശേഷം ഇരുവരും പുറത്തു വന്ന് ബൈഡൻ തന്നെ തുടരും എന്ന് അറിയിക്കുകയായിരുന്നു. “ഞാൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയാണ്. ആരും എന്നെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ പിന്മാറില്ല” ബൈഡൻ പറഞ്ഞു. കമലാ ഹാരിസും ബൈഡന് പിന്തുണ അറിയിച്ചു.

മത്സരത്തിൽ തുടരണമോ വേണ്ടയോ എന്ന് താൻ ആലോചിക്കുകയാണെന്ന് പേരു വെളിപ്പെടുത്താത്ത ഒരാളോട് ബൈഡൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസും സിഎൻഎന്നും റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്തയ്ക്ക് പിന്നാലെയാണ് ബൈഡൻ – ഹാരിസ് ചർച്ച നടന്നത്. ചർച്ചയ്ക്കു ശേഷം ഫണ്ട് റെയ്സിങ് ഇ മെയിലിലും ബൈഡൻതന്നെ തുടരും എന്ന കാര്യം വ്യക്തമാക്കിയിരുന്നു. “ഞാൻ ഇത് എനിക്ക് കഴിയുന്നത്ര വ്യക്തമായും ലളിതമായും പറയട്ടെ: ഞാൻ മൽസരിക്കും. മൽസരം അവസാനിക്കും വരെ ഞാൻ ഉണ്ടായിരിക്കും.” ബൈഡൻ മെയിലിൽ കുറിച്ചു.

ട്രംപ് – ബൈഡൻ സംവാദത്തിലുണ്ടായ ദുർബലവും ശോചനീയവുമായ പ്രകടനത്തെ തുടർന്നാണ് ബൈഡനെതിരെ ഇത്ര കടുത്ത ആരോപണം അയരുന്നത്. 81 വയസ്സുള്ള ബൈഡനെ പ്രായത്തിന്റെ അവശതകൾ ഏറെ അലട്ടുന്നുണ്ടെന്നും കാര്യക്ഷമതയും ചിന്താശേഷിയും ഇല്ലെന്നുമുള്ള ആരോപണങ്ങളാണ് എങ്ങും. ഇത് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്കും പ്രവർത്തർക്കും ഇടയിൽ വലിയ ആശങ്കയും അഭിപ്രായ ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ട്. ബൈഡൻ മാറണം എന്ന് പാർട്ടിയിലെ ഒരു വലിയ വിഭാഗം ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്.

Biden says he is not going to leave