
വാഷിംഗ്ടണ്‍: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇറാന്‍ ഇസ്രയേലിനെതിരായ പ്രതികാര ആക്രമണം ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൊവ്വാഴ്ച ന്യൂ ഓര്‍ലിയാന്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കരാര്‍ നിലവില്‍ വന്നാല്‍ ഇസ്രയേലിനെതിരായ പ്രതികാര നടപടികളില്‍ നിന്ന് ഇറാന്‍ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ‘അതാണ് എന്റെ പ്രതീക്ഷ’ എന്ന് ബൈഡന്‍ മറുപടി പറഞ്ഞത്.
രണ്ടാഴ്ച മുമ്പ് ടെഹ്റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചതിന് ഇസ്രായേലിനെതിരായ നേരിട്ടുള്ള തിരിച്ചടിയില്‍ നിന്ന് ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ മാത്രമേ ഇറാനെ തടയുകയുള്ളൂവെന്ന് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡനും അതേ പ്രതീക്ഷ പങ്കുവെച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ഇപ്പോഴും ഇസ്രയേല്‍ തന്നെയാണ് പ്രതിസ്ഥാനത്ത്.
തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളെ ഇസ്രായേല്‍ വധിച്ചതിനും ഹിസ്ബുള്ള തിരിച്ചടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗാസ ചര്‍ച്ചകള്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ ഇസ്രായേല്‍ ചര്‍ച്ചകള്‍ ഇഴയുകയാണെന്ന് മനസ്സിലാക്കുകയോ ചെയ്താല്‍ ഹിസ്ബുള്ളയെപ്പോലുള്ള സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇറാന്‍ നേരിട്ട് ആക്രമണം നടത്തുമെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.