
അറ്റ്ലാൻ്റ: വ്യാഴാഴ്ച രാത്രി സിഎൻഎൻ സ്റ്റുഡിയോയിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിൽ ആദ്യം മുതൽ ആത്മവിശ്വാസത്തോടെ മുന്നേറുകയായിരുന്ന ട്രംപിന് കാലിടറിയത് ക്യാപിറ്റോൾ കലാപത്തെ കുറിച്ചുള്ള ചോദ്യത്തിൽ.
2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തെ ട്രംപ് ഇന്നും പ്രതിരോധിക്കുന്ന കാഴ്ചയാണ് ഉണ്ടായത് .ജനുവരി 6-ലെ ആക്രമണകാരികളെ അപലപിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അവർ നിരപരാധികളാണ് എന്ന നിലപാട് ആവർത്തിച്ചു.
അക്രമം നടത്താൻ ട്രംപ് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു എന്ന വാദം അദ്ദേഹം നിരസിച്ചു. പകരം സ്പീക്കറായിരുന്ന നാൻസി പെലോസിയേയും ഡിസി മേയർ മ്യൂറിയൽ ബൗസറെയും കുറ്റപ്പെടുത്തി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബൈഡൻ്റെ വിജയം രേഖപ്പെടുത്താൻ ജനപ്രതിനിധികൾ ക്യാപിറ്റോളിൽ ഒത്തു ചേർന്ന വേളയിൽ ട്രംപ് അനുകൂലികൾ ക്യാപിറ്റോളിലെ വാതിലുകളും ജനലുകളും തകർക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തു. അന്നത്തെ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് എന്തെങ്കിലും ചെയ്യാനും കലാപം അവസാനിപ്പിക്കാനും ട്രംപിനോട് അഭ്യർഥിച്ചെങ്കിലും ട്രംപ് അത് ചെവിക്കൊണ്ടില്ല എന്നു മാത്രമല്ല കലാപകാരികളെ ദേശസ്നേഹികൾ എന്നു വിശേഷിപ്പിക്കുകയാണ് ഉണ്ടായതെന്ന് ബൈഡൻ കുറ്റപ്പെടുത്തി. കലാപകാരികൾ ജയിലിലായിരിക്കണമെന്ന് ബൈഡൻ പറഞ്ഞു.
കലാപത്തിൽ തടവിലാക്കപ്പെട്ടവരിൽ ചിലരെ “രാഷ്ട്രീയ തടവുകാർ” എന്നാണ് ട്രംപ് പരാമർശിച്ചത്. താൻ അധികാരമേറ്റാൽ അവരുടെ കേസുകൾ പുനഃപരിശോധിക്കുമെന്നും ട്രംപ് ഉറപ്പു നൽകി. അവരെ പ്രോസിക്യൂട്ട് ചെയ്തതിന് ബൈഡനെ കുറ്റപ്പെടുത്തി. “നിരപരാധികളായ ചില ആളുകളോട് നിങ്ങൾ എന്താണ് ചെയ്തത്, നിങ്ങൾ സ്വയം ലജ്ജിക്കേണ്ടതുണ്ട്,” ട്രംപ് ബൈഡനോട് പറഞ്ഞു.
ജനുവരി 6 സംഭവം അന്വേഷിച്ച കോൺഗ്രസ് കമ്മിറ്റിയിലെ അംഗങ്ങളും ബൈഡനെപ്പോലെ തന്നെ ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രതികാരം ചെയ്യുമെന്ന് ട്രംപ് ഒരിക്കൽ കൂടി വ്യക്തമാക്കി.
ബൈഡൻ തിരിച്ചടിച്ചു: “ഈ വേദിയിലുള്ള ഒരേയൊരു കുറ്റവാളി എൻ്റെ മുന്നിലുള്ള മനുഷ്യനാണ്.”
ഈ തെരഞ്ഞെടുപ്പിന്റെ ഫലം എന്താണെങ്കിലും അത് അംഗീകരിക്കുമോ എന്നും ഡാനാ ബാഷ് രണ്ടാം തവണയും ചോദ്യം ആവർത്തിച്ചപ്പോൾ , “ഇത് ന്യായവും നിയമപരവും നല്ലതുമായ തിരഞ്ഞെടുപ്പാണെങ്കിൽ, തീർച്ചയായും അംഗീകരിക്കും’ എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
Biden Says Trump Encouraged Capitol rioters and trump Rejects it