
വാഷിംഗ്ടണ്‍: അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തിയ സമീപകാല സംഭവമാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ വധ ശ്രമം. സംഭവത്തില്‍ അക്രമിയെ വെടിവെച്ചു കൊന്നെങ്കിലും ആക്രമണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വധ ശ്രമത്തിനു തൊട്ടുപിന്നാലെ വിഷയത്തില്‍ പ്രസിഡന്റ് ബൈഡന്റെ പ്രതികരണവും എത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്.
എന്നാലിപ്പോള്‍ തന്റെ തിരഞ്ഞെടുപ്പ് എതിരാളികൂടിയായ ഡോണള്‍ഡ് ട്രംപിനെ ആക്രമിക്കാന്‍ അക്രമി ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് റൈഫിള്‍ നിരോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
‘അമേരിക്കയിലെ തെരുവുകളില്‍ നിന്ന് ഈ യുദ്ധായുധങ്ങള്‍ കൊണ്ടുവരാന്‍ എന്നോടൊപ്പം ചേരൂ. ഡോണള്‍ഡ് ട്രംപിന്റെ വെടിവെപ്പില്‍ ഒരു AR-15 ഉപയോഗിച്ചു. അത് നിയമവിരുദ്ധമാക്കാനുള്ള സമയമാണിത്,’ ലാസ് വെഗാസില്‍ നടന്ന ഒരു യോഗത്തിലാണ് ബൈഡന്റെ വാക്കുകള്‍ എത്തിയത്. അതേസമയം നിരോധനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.