
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം അവസാനിച്ചിരിക്കുകയാണ്. പ്രസിഡൻ്റ് ജോ ബൈഡനെ സംബന്ധിച്ച് ഇതൊരു മോശം രാത്രിയാണ്. ഈ സംവാദത്തിലെ ഹീറോ ട്രംപ് തന്നെയായിരുന്നു. ഇനിയുള്ള അദ്ദേഹത്തിൻ്റെ പ്രചാരണങ്ങൾക്ക് ഊർജം പകരുന്നതാണ് കഴിഞ്ഞുപോയ സംവാദം. സാധാരണ കാണാറുള്ളതുപോലെ പരിധി വിട്ട് സംസാരിക്കുന്ന ട്രംപായിരുന്നില്ല ഇന്നയാൾ. വളരെ പക്വമായി തൻ്റെ വാദങ്ങൾ നിരത്താനും എതിരാളിയെ ആക്രമിക്കാനും ട്രംപിന് കഴിഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറായെന്നും വികലമായ വിദേശ നയം മൂലം അമേരിക്കയ്ക്ക് ലോകരാജ്യങ്ങൾക്ക് ഇടയിലുണ്ടായിരുന്ന ബഹുമാനം നഷ്ടമായെന്നും ട്രംപ് വാദിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സേന പിന്മാറിയതോടെ റഷ്യയ്ക്ക് ഉണ്ടായിരുന്ന പേടി പോയി. അവർ യുക്രെയ്നെ ആക്രമിച്ചു. താനായിരുന്നു യുഎസ് പ്രസിഡൻ്റ് എങ്കിൽ ഗാസ യുദ്ധം ഉണ്ടാകില്ലായിരുന്നു എന്നും ട്രംപ് ആവകാശപ്പെട്ടു. ഇറാനുമായുള്ള വിദേശ നയത്തിലെ പ്രശ്നങ്ങൾ മൂലമാണ് ഹമാസ് ശക്തമായതെന്നും ഇസ്രയേലിനെ ആക്രമിച്ചതെന്നും ട്രംപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം നോൺസെൻസ് എന്നു പറഞ്ഞ് ബൈഡൻ തള്ളിക്കളഞ്ഞു.
ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടുനിന്ന സംവാദത്തിൽ ബൈഡൻ വളരെ ക്ഷീണിതനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ പല ഉത്തരങ്ങളും മികച്ചതോ യോജിക്കുന്നതോ ആയിരുന്നില്ല. മിണ്ടാതിരിക്കുമ്പോൾ എല്ലാം അദ്ദേഹം വായ തുറന്നു പിടിച്ചിരിക്കുകയായിരുന്നു. വാർധക്യം കാര്യമായി ബാധിച്ച ഒരാളെപോലെ ബൈഡൻ ദുർബലനായിരുന്നു. ശബ്ദം നേർത്തുപോയിരുന്നു. പലതും വ്യക്തമായതുമില്ല. എന്നാൽ ട്രംപിൻ്റെ വാദങ്ങളെല്ലാം നുണകളാണ് എന്നാണ് ഡെമോക്രാറ്റകളുടെ വാദം.
ഈ സംവാദത്തിൻ്റെ ഫോർമാറ്റ് കൂടുതൽ മെച്ചമായിരുന്നു. രണ്ട് സ്ഥാനാർഥികൾക്കും പറയാനുള്ളത് വ്യക്തമായി പറയാൻ അവസരം കിട്ടി. ഒരാൾ മറ്റൊരാളുടെ ഇടയ്ക്ക് കയറി സംസാരിക്കാൻ സാധിച്ചില്ല.
എന്നാൽ ശരിയല്ലാത്ത പല കാര്യങ്ങളും പരിശോധിക്കാൻ മോഡറേറ്റർമാരിൽ നിന്ന് ഒരു ശ്രമവും ഉണ്ടായില്ല.

ലോകം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെന്ന് ട്രംപ്
നമ്മൾ മൂന്നാം ലോക മഹായുദ്ധത്തോട് ആർക്കും സങ്കൽപ്പിക്കാൻ കഴിയുന്നതിലും അടുത്തിരിക്കുന്നു” എന്ന് ട്രംപ് പറഞ്ഞു. ബൈഡൻ്റെ വിദേശ, സൈനിക നയങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ വാദം.
ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിനെയും ചൈനയിലെ ഷി ജിംഗ്‌പിംഗിനെയും പോലുള്ള ഏകാധിപതികൾ യുഎസിനെ ബഹുമാനിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീണിതനായി ബൈഡൻ, ഊർജസ്വലനായി ട്രംപ്
ഈ സംവാദത്തിന് നാൽപ്പത്തിയഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ ജോ ബൈഡൻ ദുർബലനായി കാണപ്പെട്ടു. അദ്ദേഹം പറയുന്നത് പലതും വ്യക്തമായി കേൾക്കാൻ വയ്യാത്ത അവസ്ഥ. അദ്ദേഹത്തിന് പ്രായമായി എന്ന വലിയ ആരോപണത്തെ ശരി വയ്ക്കും വിധത്തിലാണ് അദ്ദേഹത്തിന്റെ സംസാരരീതിയും ശരീര ഭാഷയും എങ്കിലും ചില പ്രധാന വിഷയങ്ങളിൽ തൻ്റെ എതിരാളിയായ ട്രംപിനെ പ്രകോപിപ്പിക്കാൻ ബൈഡന് സാധിച്ചു. (ബൈഡന് ജലദോഷം ഉള്ളതിനാലാണ് ശബ്ദം നേർത്തുപോകുന്നത് എന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ വക്താക്കൾ പറയുന്നു.) ക്യാപിറ്റോൾ കലാപം. ഹഷ് മണി കേസ് എന്നിവ സംബന്ധിച്ച പരാമർശങ്ങളിൽ ട്രംപ് പ്രകോപിതനായി.
വോട്ടെടുപ്പിൽ അമേരിക്കൻ വോട്ടർമാർ കരുതുന്ന ഏറ്റവും വലിയ വിഷയങ്ങളായ ഇക്കണോമി, കുടിയേറ്റ വിഷയങ്ങളിൽ – ബൈഡൻ്റെ നയങ്ങൾക്ക് എതിരായ ആക്രമണങ്ങളിൽ ട്രംപ് ആത്മവിശ്വാസവും വ്യക്തതയും പ്രകടിപ്പിച്ചു, അതേസമയം പ്രസിഡൻ്റിൻ്റെ വാദങ്ങൾ ഫലപ്രദമായില്ല. വളരെ വ്യക്തവും ശക്തവുമായാണ് ട്രംപിൻ്റെ സംസാരം. കൂടുതൽ സമയം സംസാരിക്കുന്നതും ട്രംപ് തന്നെ.
യുക്രെയിൻ – ഗാസ യുദ്ധങ്ങൾ, അഫ്ഗാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം, ബൈഡൻ്റെ വിദേശ നയം, ക്യാപിറ്റോൾ കലാപം എല്ലാം ചർച്ചയായി.
അനധികൃത കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കും
ട്രംപ് – താൻ അധികാരമേറ്റാൽ കൂട്ട നാടുകടത്തൽ നടത്തുമെന്ന് ഉറപ്പിക്കുന്നു. പതിറ്റാണ്ടുകളായി യുഎസിൽ താമസിക്കുന്ന ആളുകൾ ഉൾപ്പെടെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന് ട്രംപ് പറയുന്നു. എന്നാൽ അത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അദ്ദേഹം നൽകിയില്ല. ‘ബൈഡൻ്റെ കുടിയേറ്റ – തുറന്ന അതിർത്തി നയങ്ങൾ രാജ്യത്തെ കുറ്റകൃത്യ വർധനയ്ക്ക് കാരണമായി. അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കണം . കാരണം അവർ നമ്മുടെ രാജ്യത്തെ നശിപ്പിക്കുകയാണ്..’ ട്രംപ് പറഞ്ഞു
സംവാദം തുടങ്ങി
പ്രസിഡൻ്റും മുൻ പ്രസിഡൻ്റും ഹസ്തദാനം ചെയ്യാതെ വേദിയിൽ. ബൈഡൻ ആദ്യം പ്രവേശിച്ചു, ട്രംപ് കയറിയപ്പോൾ ബൈഡൻ്റ നേർക്ക് നോക്കിയതു പോലുമില്ല. ആദ്യ ചോദ്യം ഇക്കോണമിയെ സംബന്ധിച്ച് .
സമ്പദ്‌വ്യവസ്ഥയെയും ഉയർന്ന പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആദ്യ ചോദ്യത്തിന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.താൻ അധികാരത്തിലിരുന്നപ്പോൾ അമേരിക്കയ്ക്ക് ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്ന് ട്രംപിൻ്റെ മറുപടി. കൊവിഡ് വന്നു. ഒരുപാട് പണം ചെലവാക്കേണ്ടി വന്നു. എന്നിട്ടും സാമ്പത്തിക മാന്ദ്യമുണ്ടാകാതെ പിടിച്ചു നിൽക്കാൻ സാധിച്ചു. മിക്കച്ച സാമ്പത്തിക അവസ്ഥയായിരുന്നു എൻ്റെ കാലത്ത്- ട്രംപ് പറഞ്ഞു.എന്നാൽ പണക്കാരെ സഹായിക്കാൻ മാത്രമേ ട്രംപിൻ്റെ ഇക്കോണമിക്ക് സാധിച്ചുള്ളൂ എന്ന് ബൈഡൻ തിരിച്ചടിച്ചു.
ട്രംപും കൂട്ടരും എത്തി
ജേസൺ മില്ലർ, ഡാൻ സ്‌കാവിനോ, ഡേവിഡ് ബോസി എന്നിവരുൾപ്പെടെയുള്ള തൻ്റെ ദീർഘകാല സഹായികളോടൊപ്പം മുൻ പ്രസിഡൻ്റ് ട്രംപ് സിഎൻഎൻ സ്റ്റുഡിയോയിൽ എത്തി. എന്നാൽ അദ്ദേഹത്തിൻ്റെ ഭാര്യ മെലാനിയ ട്രംപ് കൂടെയില്ല
ജോ ബൈഡൻ സിഎൻഎൻ സ്റ്റുഡിയോയിൽ എത്തി
പ്രസിഡൻ്റ് ബൈഡൻ്റെ വാഹന വ്യൂഹം അറ്റ്ലാൻ്റയിലെ സിഎൻഎൻ സ്റ്റുഡിയോയിൽ എത്തിച്ചേർന്നു.
അമേരിക്ക മാത്രമല്ല ലോകം മുഴുവൻ കാത്തിരിക്കുന്ന ജോ ബൈഡൻ – ട്രംപ് സംവാദത്തിന് ഏതാനും മിനിട്ടുകൾ മാത്രം ബാക്കി. റിപ്പബ്ളിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡനും ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി നടത്തുന്ന സംവാദമാണ് ഇത്.
ഇരുവരും പരിപാടി നടക്കുന്ന അറ്റ്ലാൻ്റയിൽ വളരെ നേരത്തെ തന്നെ എത്തിക്കഴിഞ്ഞു.

സിഎൻഎൻ പ്രസിഡൻഷ്യൽ ഡിബേറ്റിന് മണിക്കൂറുകൾക്ക് മുമ്പ്, രണ്ട് സ്ഥാനാർത്ഥികളും – അവരുടെ രാഷ്ട്രീയ സഖ്യകക്ഷികളും – പിന്തുണക്കാരിൽ നിന്ന് സംഭാവനകൾ ശേഖരിക്കുന്നതിനായി ഫണ്ട് റെയിസിങ് ഇ മെയിലുകൾ അയച്ചു കൊണ്ടിരിക്കുകയാണ്.
“ഞാൻ സ്റ്റേജിൽ കയറുന്നതിന് മുമ്പ് നിങ്ങളുടെ പ്രതികരണങ്ങൾ വായിക്കും. ബൈഡൻ സഞ്ചരിക്കുന്ന ഒരു നുണ യന്ത്രമാണ്. നിങ്ങളുടെ അഭിപ്രായം മനസ്സിൽ വച്ചുകൊണ്ട് അയാളുമായി ഏറ്റുമുട്ടുമ്പോൾ, അയാൾക്ക് അയാൾ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരും .’ , ഡൊണാൾഡ് ട്രംപ് അനുയായികൾക്ക് അയച്ച ഒരു ഇമെയിൽ ഇങ്ങനെ പറയുന്നു.

അതേ സമയം ബൈഡൻ ടീമിനായി അയച്ച ഒരു മെയിലിൽ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് – “ട്യൂൺ ഇൻ ചെയ്യാനും നിങ്ങൾക്ക് കഴിയുമെങ്കിൽ, കാമ്പെയ്‌നിലേക്ക് സംഭാവന നൽകാനും” പിന്തുണക്കാരോട് അഭ്യർത്ഥിച്ചു. “ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും അമേരിക്കൻ ജനതയ്ക്ക് കൂടുതൽ പുരോഗതി കൈവരിക്കാനും ഞങ്ങൾക്ക് പിന്തുണ ആവശ്യമാണ്,” ഹാരിസ് എഴുതി.
