ബൈഡൻ – ട്രംപ് ആദ്യ സംവാദം ഇന്ന് അറ്റ്ലാൻ്റയിൽ; പുതിയ പൊളിറ്റിക്കൽ നരേറ്റീവുകൾ പ്രതീക്ഷിച്ച് യുഎസ് ജനത

പ്രസിഡൻ്റ് ജോ ബൈഡനും അദ്ദേഹത്തിൻ്റെ റിപ്പബ്ലിക്കൻ എതിരാളിയായ ഡൊണാൾഡ് ട്രംപും വ്യാഴാഴ്ച രാത്രി ( ഇന്ത്യയിൽ വെള്ളിയാഴ്ച പുലർച്ചെ) നേർക്കു നേർ സംവാദം നടത്തുമ്പോൾ ലോകം മുഴുവൻ കണ്ണുനട്ടിരിക്കുകയാണ്. അമേരിക്കൻ സമയം രാത്രി 9 മണിക്ക് അറ്റ്ലാൻ്റയിലെ സിഎൻഎൻ നെറ്റ് വർക്കിന്റെ സ്റ്റുഡിയോയിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ റിപ്പബ്ളിക്കൻ പാർട്ടിയുടെ ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ ബൈഡനും സിഎൻഎൻ മാധ്യമ പ്രവർത്തകരായ 2 മോഡറേറ്റർമാരും മാത്രമേ സംവാദത്തിൽ പങ്കെടുക്കുകയുള്ളു. ഡാനാ ബാഷ് , ജെയ്ക് ടാപ്പർ എന്നിവരാണ് മോഡറേറ്റർമാർ.

CNN , CNN ഇൻ്റർനാഷണൽ, CNN en Español, CNN Max എന്നിവയിൽ തത്സമയം സംവാദം കാണാം . CNN-ൻ്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യാതെ തന്നെ കാഴ്ചക്കാർക്ക് ഇത് സ്ട്രീം ചെയ്യാനും കഴിയും. പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യാൻ നിരവധി നെറ്റ്‌വർക്കുകളും സമ്മതിച്ചിട്ടുണ്ട്.

ട്രംപിനും ബൈഡനും തങ്ങളുടെ പൊളിറ്റിക്കൽ നരേറ്റിവുകൾ പുനർനിർമിക്കാൻ കിട്ടുന്ന സുവർണ അവസരമാണ് ഇത്. 81 വയസ്സുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡന്, നിരവധി വെല്ലുവിളികൾ നേരിടുന്ന യുഎസിനെ നയിക്കാൻ തനിക്ക് കഴിയുമെന്ന് വോട്ടർമാർക്ക് ഉറപ്പുനൽകാനുള്ള അവസരമാണ് ഇത്. അതേസമയം, 78 കാരനായ ട്രംപിന്, തന്നെ വേട്ടയാടുന്ന നിരവധി കേസുകളേയും കോടതിവിധികളേയും മറികടക്കാൻ ഈ നിമിഷം ഉപയോഗിക്കാനാകും. ഓവൽ ഓഫിസിലേക്ക് മടങ്ങാൻ താൻ മാനസികമായി യോഗ്യനാണെന്ന് ദശലക്ഷക്കണക്കിന് പ്രേക്ഷകരെ ബോധ്യപ്പെടുത്താനും ഈ അവസരം ഉപയോഗിക്കാം.

അതിരൂക്ഷമായ എതിർപ്പുകളുടെ കൊടുങ്കാറ്റുകൾക്ക് നടുവിലൂടെയാണ് ഇരു സ്ഥാനാർഥികളും കടന്നു പോകുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ മടുപ്പിക്കുന്ന ബഹളങ്ങളിൽ ക്ഷീണിതരായ പൊതു സമൂഹം സത്യത്തിൽ ഇരു സ്ഥാനാർഥികളേയും അനുകൂലിക്കുന്നില്ല. ബഹുഭൂരിപക്ഷത്തിൻ്റെ അഭിപ്രായം അങ്ങനെയാണ്. എന്നാൽ 10 ൽ 6 അമേരിക്കക്കാരും ഇന്നത്തെ സംവാദം കാണാൻ തയാറായി ഇരിക്കുകയാണെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു. അടുത്ത 4 വർഷം തങ്ങളെ കാത്തിരിക്കുന്നത് എന്തൊക്കെയാണ് എന്ന് അറിയാൻ അവർക്ക് ആകാംക്ഷയുണ്ട്.

വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയാൽ യുഎസ് ഗവൺമെൻ്റിനെ അടിമുടി പുനർനിർമ്മിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ട്രംപ് രാജ്യത്തിൻ്റെ ജനാധിപത്യത്തിന് ഭീഷണി ഉയർത്തുമെന്ന് ബൈഡൻ വാദിക്കുന്നു.

തിരഞ്ഞെടുപ്പിന് വെറും നാല് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്നത്തെ പ്രകടനങ്ങൾക്ക് മത്സരത്തിൻ്റെ ഗതി തന്നെ മാറ്റാനുള്ള അപൂർവ ശേഷിയുണ്ട്. ഓരോ വാക്കും ആംഗ്യവും വിശകലനം ചെയ്യപ്പെടും. രണ്ടുപേരും എന്താണ് പറയുന്നതെന്ന് മാത്രമല്ല, അവർ എങ്ങനെ പരസ്പരം ഇടപഴകുന്നു, സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നെല്ലാം ആളുകൾ വിലയിരുത്തും.

ട്രംപും ബൈഡനും 2020 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് നടത്തിയ അവസാന സംവാദത്തിന് ശേഷം ഇതുവരെ ഒരേ വേദിയിൽ ഇരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ബൈഡനുമായുള്ള തോൽവി അംഗീകരിക്കാതെ ജനുവരി 6-ന് ട്രംപിൻ്റെ അനുയായികൾ നടത്തിയ ക്യാപിറ്റോൾ കലാപത്തെ തുടർന്ന് ബൈഡൻ പ്രസിഡൻ്റാകുന്ന ചടങ്ങുവരെ ട്രംപ് ബഹിഷ്കരിച്ചിരുന്നു. ഇരുവരും പരസ്പരം ഇഷ്ടപ്പെടുന്നവർ അല്ല. അതുകൊണ്ട് തന്നെ ഈ രാത്രിയിലെ അവരുടെ പെരുമാറ്റം കണ്ടറിയുക തന്നെ വേണം.

2020-ലെ ഡിബേറ്റുകളിലെ പ്രശ്നം ആവർത്തിക്കാതിരിക്കാൻ പ്രേക്ഷകരില്ലാതെ സംവാദം നടത്താൻ ബൈഡൻ നിർബന്ധിക്കുകയും ട്രംപ് സമ്മതിക്കുയും ചെയ്തു. ഓരോരുത്തർക്കും അനുവദിച്ച സമയത്തല്ലാതെ സംസാരിച്ചാൽ മൈക്ക് ഓഫ് ചെയ്യാൻ സിഎൻഎന്നിന് അനുവാദമുണ്ട്. രണ്ടു പേർക്കും മറ്റാരുടേയും സഹായം തേടാൻ അവസരമില്ല. എഴുതികൊണ്ടു വന്നോ പ്രോംപ്റ്റർ കൊണ്ടു വന്നോ വായിക്കാൻ അനുവാദമില്ല. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ടാണ് ഇരുവരും സംവാദത്തിന് തയാറായിരിക്കുന്നത് .

സംവാദത്തിനു മുന്നോടിയായി ബൈഡൻ കുറച്ചു ദിവസങ്ങളായി പരിശീലനത്തിലാണ്. ക്യാമ്പ് ഡേവിഡിൽ സംവാദം നടക്കുന്ന സ്റ്റുഡിയോയെ അനുകരിച്ച് ഒരു മോക്ക് സ്റ്റേജ് നിർമ്മിച്ചാണ് പരിശീലനം. മുതിർന്ന വൈറ്റ് ഹൗസ്, പ്രചാരണ സഹായികളുടേയും ദീർഘകാല ഉപദേശകരുടെയും സഖ്യകക്ഷികളുടെയും ഒരു കൂട്ടം ബൈഡനെ സഹായിക്കാനുണ്ട്. ബൈഡൻ്റെ പേഴ്‌സണൽ അറ്റോർണി ബോബ് ബോവർ പരിശീലന സെഷനുകളിൽ ട്രംപിൻറെ റോളിലാണ്.

അതേസമയം, ട്രംപ് തൻ്റെ ഫ്ലോറിഡ എസ്റ്റേറ്റിൽ രണ്ട് ദിവസമായി തയാറെടുപ്പിലാണ്. മാത്രമല്ല, സംവാദം ട്രംപിന് അനുകൂലമായിരിക്കില്ല എന്ന പ്രചാരണം ട്രംപ് ഇപ്പോൾതന്നെ അഴിച്ചുവിട്ടിട്ടുണ്ട്.

സംവാദത്തിന് അറ്റ്ലാൻ്റ തെരഞ്ഞെടുത്തത് പ്രചാരണത്തിന് പ്രതീകാത്മകവും പ്രായോഗികവുമായ അർത്ഥം നൽകുന്നു. എന്നാൽ അവിടെ സംഭവിക്കുന്നത് ദൂരവ്യാപകമായി പ്രതിധ്വനിക്കുമെന്ന് ഇരു പക്ഷവും വിശ്വസിക്കുന്നു. അറ്റ്ലാൻ്റ ഉൾപ്പെടുന്ന ജോർജിയ അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഒരു ബാറ്റിൽഗ്രൌണ്ടാണ്. കഴിഞ്ഞ തവണ ബൈഡനെ തുണച്ചെങ്കിലും ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കാൻ ആവില്ല.

സംവാദത്തിനു ശേഷം,ട്രംപ് വെർജീനിയയിലേക്കാണ് പോകുന്നത്, ഇത് സമീപ വർഷങ്ങളിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ ഒരു ദേശമാണ്. ബൈഡൻ നോർത്ത് കരോലിനയിലേക്കാണ് പോകുന്നത്.

Biden – Trump Debate Today At Atlanta CNN Studio

More Stories from this section

family-dental
witywide