
വാഷിംഗ്ടണ്‍: ബലിപെരുന്നാള്‍ സന്ദേശത്തില്‍ യുഎസ് പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍ കരാറിനെ പരാമര്‍ശിച്ച് അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡന്‍. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നാണ് ഗാസയില്‍ യുഎസ് പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് ബൈഡന്‍ പറഞ്ഞത്.
മ്യാന്‍മറിലെ റോഹിങ്ക്യകളും ചൈനയിലെ ഉയ്ഗറുകളും ഉള്‍പ്പെടെ പീഡനം നേരിടുന്ന ‘മറ്റ് മുസ്ലീം സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കാനുള്ള’ അമേരിക്കന്‍ ശ്രമങ്ങളെ എടുത്തുപറഞ്ഞാണ് പ്രസിഡന്റ് ഈദ് അല്‍-അദ്ഹ സന്ദേശം നല്‍കിയത്.
യുദ്ധത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. കുടുംബങ്ങള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു, അവരുടെ സമൂഹങ്ങള്‍ നശിപ്പിക്കപ്പെടുന്നത് കണ്ടു. അവരുടെ വേദന വളരെ വലുതാണെന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ ഹമാസിന് നല്‍കിയിട്ടുണ്ടെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചത് ഗാസയിലെ അക്രമം അവസാനിപ്പിക്കാനും ആത്യന്തികമായി യുദ്ധം അവസാനിപ്പിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വെടിനിര്‍ത്തല്‍ വൈകുന്നതിന് കാരണം ഹമാസ് ആണെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. കരാറില്‍ ഹമാസ് ഒപ്പുവയ്ക്കാത്തതാണ് വെടിനിര്‍ത്തല്‍ നീളാന്‍ കാരണമെന്നാണ് ബൈഡന്റെ ആരോപണം. എന്നാല്‍, കഴിഞ്ഞയാഴ്ച യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ പച്ചക്കൊടി കാട്ടിയ വെടിനിര്‍ത്തല്‍ കരാര്‍ ഔപചാരികമായി അംഗീകരിക്കാന്‍ അമേരിക്ക ഇസ്രായേലിനോടും ഹമാസിനോടും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
മുസ്ലീങ്ങളെ മാത്രമല്ല, അറബ്, സിഖ്, ദക്ഷിണേഷ്യന്‍ അമേരിക്കക്കാരെയും ബാധിക്കുന്ന ഇസ്ലാമോഫോബിയയെയും അതുമായി ബന്ധപ്പെട്ട പക്ഷപാതത്തെയും വിവേചനത്തെയും നേരിടാന്‍ തന്റെ ഭരണകൂടം ഒരു ദേശീയ തന്ത്രം സൃഷ്ടിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
















