ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ജീനോം കണ്ടെത്തി, മനുഷ്യനിലോ ആനയിലോ അല്ല, ചെറുചെടിയിൽ

ഏറ്റവും വലിയ ജീനോം കണ്ടെത്തി ശാസ്ത്രജ്ഞർ. ചെറിയ ഫേൺ ചെടിയിലാണ് ഏറ്റവും വലിയ ജീനോം കണ്ടെത്തിയതെന്ന് ഗവേഷകർ അറിയിച്ചു. മെയ് 31 ന് ഐസയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ചെടിയുടെ മുഴുവൻ ജനിതക നിർദ്ദേശങ്ങളും മനുഷ്യ ജീനോമിൻ്റെ 50 മടങ്ങ് വലുതാണെന്നും നേരത്തെ ഏറ്റവും വലിയതെന്ന് കരുതപ്പെട്ടിരുന്ന പാരീസ് ജപ്പോണിക്ക എന്ന് വിളിക്കപ്പെടുന്ന ജാപ്പനീസ് പുഷ്പത്തിൻ്റെ ജനിതകഘടനയേക്കാൾ 7 ശതമാനം വലുതാണെന്നും പഠനത്തിൽ പറയുന്നു.

ബാഴ്‌സലോണയിലെ ബൊട്ടാണിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിണാമ ജീവശാസ്ത്രജ്ഞനായ ജൗം പെല്ലിസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ചെറു സസ്യങ്ങളിൽ എങ്ങനെയാണ് ഭീമൻ ജീനോമുകൾ രൂപം കൊള്ളുന്നതെന്ന് മനസ്സിലാക്കാനായി പെല്ലിസറും സഹപ്രവർത്തകരും ചേർന്ന് പഠനം നടത്തി. ചില ഫോർക്ക് ഫർണുകൾക്ക് (Tmesipteris) വലിയ ജീനോമുകൾ ഉണ്ടെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

തുടർന്ന് ന്യൂ കാലിഡോണിയയിലെ ദക്ഷിണ പസഫിക് ദ്വീപുകളിൽ കാണപ്പെടുന്ന ആറ് ഫോർക്ക് ഫേൺ ഇനങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കി. ഫർണുകളുടെ ഇലകളിൽ നിന്ന് കോശങ്ങൾ എടുത്ത് ജീനോം അടങ്ങിയ അവയുടെ ന്യൂക്ലിയസുകളെ വേർതിരിച്ചാണ് വലിപ്പം കണ്ടെത്തിയത്. 15 സെൻ്റീമീറ്റർ വരെയാണ് ഫേൺ സസ്യത്തിന്റെ നീളം. എന്നാൽ അതിന്റെ ജീനോമിന് 160 ബില്യൺ ന്യൂക്ലിയോബേസുകളുടെ നീളമുണ്ടെന്നും പഠനം പറയുന്നു.

Biggest genome found in fern plant