മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ്, രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിന് മെയ് മാസത്തില്‍ ഇന്ത്യയില്‍ 66 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. നിരോധിക്കപ്പെട്ട 6,620,000 വാട്ട്സ്ആപ്പ് അക്കൗണ്ടുകളില്‍ 1,255,000 എണ്ണം ഉപയോക്താക്കളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പ് തന്നെ ബ്ലോക്ക് ചെയ്തതായും കമ്പനി വ്യക്തമാക്കി.
ഇന്ത്യയില്‍ 550 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്ട്സ് ആപ്പ്. ഇന്ത്യന്‍ ഐടി റൂള്‍സ് അനുസരിച്ചാണ് വാട്സ്ആപ്പ് നടപടിയെടുത്തത്. ഏപ്രിലില്‍, വാട്ട്സ് ആപ്പ് രാജ്യത്ത് 71 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. പ്ലാറ്റ്ഫോമിന് മാര്‍ച്ചില്‍ 10,554 എന്ന റെക്കോര്‍ഡ് പരാതി റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.
കമ്പനി എഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഗവേഷകര്‍, നിയമപാലകര്‍, ഓണ്‍ലൈന്‍ സുരക്ഷ, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങുന്ന ടീമാണ് വാട്ട്സ് ആപ്പിന്റെ നടപടികള്‍ക്കു പിന്നിലുള്ളത്.