
ന്യൂഡൽഹി: മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയുമായും നടൻ പവൻ കല്യാണിൻ്റെ ജനസേനയുമായും ബിജെപി നേതൃത്വം സീറ്റ് വിഭജന ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തെലുങ്കാനയിൽ പുതിയ സഖ്യം രൂപീകരിക്കുന്നത്. ബിജെപി 10 മുതൽ 12 സീറ്റുകളിൽ വരെ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സഖ്യത്തിലെ മൂന്നാം കക്ഷിയായ ജന സേനക്ക് മൂന്ന് ലോക്‌സഭാ സീറ്റുകളും 24 നിയമസഭാ സീറ്റുകളും ലഭിക്കും. ബാക്കിയുള്ള സീറ്റുകൾ ടിഡിപിക്ക് എന്നതാണ് ധാരണ.
എന്‍ഡിഎ സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018-ലാണ് മുന്നണി വിട്ടത്. അന്ന് ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്.