
മുൻ യുഎസ് സെനറ്ററും രണ്ട് തവണ ഫ്ലോറിഡ ഗവർണറുമായിരുന്ന ബോബ് ഗ്രഹാം അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. 2001ലെ ഭീകരാക്രമണത്തിന് ശേഷം സെനറ്റ് ഇൻ്റലിജൻസ് കമ്മിറ്റി ചെയർമാനായിരുന്നു. അദ്ദേഹത്തിൻ്റെ മകൾ ഗ്വെൻ ഗ്രഹാം ചൊവ്വാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് മരണ വിവരം അറിയിച്ചത്.
സെനറ്റിൽ മൂന്ന് തവണ സേവനമനുഷ്ഠിച്ച ഗ്രഹാം, ഇറാഖ് അധിനിവേശത്തിനെതിരായ തൻ്റെ എതിർപ്പ് ഊന്നിപ്പറഞ്ഞുകൊണ്ട് 2004 ലെ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2003 ജനുവരിയിൽ ഹൃദയശസ്‌ത്രക്രിയ മൂലം അദ്ദേഹം വിശ്രമത്തിലായിരുന്നതിനാൽ വോട്ടർമാരിൽ നിന്ന് വേണ്ടത്ര സ്വാധീനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
തുടക്കം മുതൽ ഇറാഖ് അധിനിവേശത്തെ എതിർത്തിരുന്നയാലാണ് ഗ്രഹാം. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദത്തിനെതിരെ പോരാടേണ്ടതിനു പകരം ശ്രദ്ധ മുഴുവൻ ഇറാഖിലേക്ക് മാറ്റിയെന്ന് വിമർശിച്ചു.
2003 ൽ യുഎസ് സൈന്യം സദ്ദാം ഹുസൈനെ പുറത്താക്കിയതിന് ശേഷം ഇറാഖിൽ ഒരു അധിനിവേശ പദ്ധതി തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടതിന് പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു ബുഷിനെയും അദ്ദേഹം വിമർശിച്ചു.
വിനാശകരമായ ആയുധങ്ങൾ ഇറാഖിനുണ്ടെന്ന അവകാശവാദങ്ങൾ പെരുപ്പിച്ചുകാട്ടിയാണ് ബുഷ് അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചതെന്ന് ഗ്രഹാം വിമർശിച്ചിരുന്നു . 1990 കളുടെ അവസാനത്തിൽ പ്രസിഡൻ്റ് ബിൽ ക്ലിൻ്റനെ ഇംപീച്ച് ചെയ്യാൻ കാരണമായ സദാചാര പ്രശ്‌നങ്ങളേക്കാൾ ഗൗരവമേറിയതാണ് ബുഷ് ഇൻ്റലിജൻസ് ഡേറ്റ വളച്ചൊടിച്ചതെന്ന് അദ്ദേഹം വാദിച്ചിരുന്നു.
Bob Graham Passed Away













