യുഎസിൽ കാണാതായ 11കാരിയുടെ മൃതദേഹം ട്രിനിറ്റി നദിയിൽ; തട്ടിക്കൊണ്ടു പോയതെന്ന് സംശയം

ടെക്സാസ്: കഴിഞ്ഞയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെ കാണാതായ 11 വയസ്സുള്ള ടെക്‌സാസ് സ്വദേശിയായ ഓഡ്രി കണ്ണിങ്ഹാമിന്‍റെ മൃതദേഹം സമീപത്തെ നദിയിൽ ചൊവ്വാഴ്ചയോടെ കണ്ടെത്തിയതായി പോൾക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്ഥിരീകരിച്ചു.

കുട്ടിയുടെ ദുരൂഹമായ തിരോധാനത്തിനു പിന്നിൽ 42കാരനായ ഡോൺ സ്റ്റീവൻ മക്ഡൗഗൽ എന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. ഹ്യൂസ്റ്റണിൽ നിന്ന് ഒരു മണിക്കൂറോളം അകലെയുള്ള ലിവിംഗ്സ്റ്റണിലുള്ള പെൺകുട്ടിയുടെ പിതാവിൻ്റെ വീടിന് പിന്നിലെ ട്രെയിലറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മക്ഡൗഗലിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് വാർത്താ സമ്മേളനത്തിൽ പോൾക്ക് കൗണ്ടി ഡിഎ ഷെല്ലി സിറ്റൺ വ്യക്തമാക്കി.

ഡോൺ സ്റ്റീവൻ മക്‌ഡൗഗലിനെ (42) ഈ മാസം 16 ന് അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ ബസിൽ കയറാൻ പോയ കുട്ടിയെ പിന്നീട് ആരും ജീവനോടെ കണ്ടിട്ടില്ല. കുട്ടിയുടെ മൃതദേഹം വൈദ്യപരിശോധയ്ക്ക് അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

More Stories from this section

dental-431-x-127
witywide