
വ്യോമയാന വ്യവസായ രംഗത്തെ ഭീമനായ ബോയിങ് സാമ്പത്തിക നഷ്ടങ്ങളെ തുടർന്ന് തങ്ങളുടെ 17000 തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചു. തൊഴിലാളികളുടെ 10 ശതമാനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചുകൊണ്ടുള്ള ചീഫ് എക്സിക്യൂട്ടീവ് കെല്ലി ഓർട്ട്ബെർഗിൻ്റെ മെയിൽ വെള്ളിയാഴ്ച പുറത്തുവന്നു.
കുറേ നാളുകളായി ഒട്ടേറെ പ്രതിസന്ധികൾ ബോയിങ് നേരിടുന്നുണ്ട്. ഏതാണ്ട് 33000 തൊഴിലാളികൾ പണിമുടക്കി സമരത്തിലായിട്ട് ഒരുമാസം കഴിയുന്നു. ഈ പശ്ചാത്തലത്തിൽ സാമ്പത്തിക വെട്ടിച്ചുരുക്കൽ നടപടികളും ഉൽപ്പാദന കാലതാമസവും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
“ഞങ്ങളുടെ സാമ്പത്തിക യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതിന് ഞങ്ങളുടെ തൊഴിലാളികളുടെ നിലവാരം പുനഃസജ്ജമാക്കണം,” ചീഫ് എക്സിക്യൂട്ടീവ് കെല്ലി ഓർട്ട്ബെർഗ് പറഞ്ഞു. ആഗോളതലത്തിൽ 17,000 തസ്തികകൾ വെട്ടിക്കുറച്ചതിൽ എക്സിക്യൂട്ടീവുകളും മാനേജർമാരും ജീവനക്കാരും ഉൾപ്പെടുന്നു.
“ഞങ്ങളുടെ വ്യവസായം നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭാവിയിലേക്കായി സുപ്രധാനമായ ചില തീരുമാനങ്ങൾ ഞങ്ങൾ എടുക്കുകയാണ്. ഞങ്ങളുടെ കമ്പനി മികച്ചതാക്കാൻ ഞങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ നിർണായക പ്രവർത്തനങ്ങൾക്ക്, കമ്പനിയിൽ ഘടനാപരമായ ചില മാറ്റങ്ങൾ ആവശ്യമാണ്. ദീർഘകാലത്തേക്ക് ഈ വ്യവസായത്തിൽ തുടരാൻ അത് അത്യാവശ്യമാണ്.”ഓർട്ട്ബെർഗ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
പണിമുടക്കിൻ്റെ ഫലമായി, 777X ൻ്റെ ആദ്യ ഡെലിവറി 2025 ൽ നിന്ന് 2026 ലേക്ക് മാറ്റുകയാണെന്ന് ബോയിംഗ് അറിയിച്ചു. നിലവിലെ ഓർഡറുകൾ പ്രകാരം ഉൽപ്പാദനം പൂർത്തിയാക്കിയാൽ ഫ്രൈറ്ററിൻ്റെ ഉത്പാദനം നിർത്താൻ കമ്പനി പദ്ധതിയിടുന്നു.
ബോയിംഗിൻ്റെ പ്രതിരോധ – ബഹിരാകാശ സംഭരങ്ങളിൽ ഈയിടെ നേരിട്ട തിരിച്ചടികളുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നെന്നും ഓർട്ട്ബെർഗ് ജീവനക്കാർക്കുള്ള സന്ദേശത്തിൽ പറഞ്ഞു.
Boeing announced that it plans to cut 17000 jobs