ഡല്‍ഹിയില്‍ നൂറോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ; ഇമെയില്‍ എത്തിയത് റഷ്യയില്‍ നിന്നും, വ്യാജമെന്ന് സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ആശങ്കയിലാക്കി നൂറോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും നൂറോളം സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ നേരത്തെ വീട്ടിലേക്ക് അയച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭീഷണികള്‍ വ്യാജമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി പൊലീസും അറിയിച്ചു.

ബോംബ് ഭീഷണിയുള്ള സ്‌കൂളുകളില്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാല്‍ രക്ഷിതാക്കളോട് പരിഭ്രാന്തരാകരുതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വ്യാജ സന്ദേശമാണെന്ന് ഡല്‍ഹി സര്‍ക്കാരും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഇമെയിലുകള്‍ അയക്കാന്‍ ഉപയോഗിച്ച ഐപി വിലാസം റഷ്യയില്‍ നിന്നുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. വിപിഎന്‍ വഴി ഐപി വിലാസം മറയ്ക്കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് സംശയിക്കുന്നു. ഇമെയിലുകള്‍ അയയ്ക്കാന്‍ ഉപയോഗിക്കുന്ന ഐപി വിലാസത്തിന്റെ സെര്‍വര്‍ വിദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഐപി വിലാസത്തില്‍ റഷ്യന്‍ ഭാഷ കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്.