
തൃശൂർ: ചരിത്രപരമായ തീരുമാനവുമായി കേരളകലാമണ്ഡലം. മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ അറിയിച്ചു. ബുധനാഴ്ച ചേർന്ന ഭരണസമിതി യോഗത്തിന്റേതാണ് തീരുമാനം. കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിംഗസമത്വം. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിസി പറഞ്ഞു.
മാറുന്ന കാലത്തെ കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻഡർ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കലാമണ്ഡലം ഭരണസമതിയുടെ തീരുമാനം. ഭരണസമിതിയുടെ തീരുമാനം ഒറ്റക്കെട്ടായിരുന്നെന്ന് കലാമണ്ഡലം വിസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.