
തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ വംശീയ അധിക്ഷേപ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടേതായി പുറത്തുവരുന്ന പ്രസ്താവനകളെയും നിലപാടുകളും പൂര്‍ണമായും തള്ളുന്നതായി വൈസ്ചാന്‍സര്‍ ബി അനന്തകൃഷ്ണനും രജിസ്ട്രാര്‍ ഡോ. പി. രാജേഷ്‌കുമാറും ഒപ്പിട്ട പ്രസ്താവനയില്‍ പുറത്തിറങ്ങി.
സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണെന്നും സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും പ്രസ്താവനയിൽ പറയുന്നു. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തു വന്നിരുന്നു. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ എൽ വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വിവാദ പരമാർശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.















