
ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2016-ലെ വേര്‍പിരിയലിലൂടെ ലോകത്തെ ഞെട്ടിച്ചു. അതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളും നിയമപരമായ പ്രശ്‌നങ്ങളും ഉടലെടുത്തു. വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ഏതാണ്ട് എട്ടു വര്‍ഷത്തിനിപ്പുറവും ഇരുവര്‍ക്കും നിയമപരമായ വിവാഹ മോചനം ലഭിച്ചിട്ടില്ല. വിവാഹമോചനത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികം വൈകാതെ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. 2016ല്‍ ആഞ്ജലീന ജോളി വിവാഹമോചന നടപടികള്‍ ആരംഭിച്ചതുമുതല്‍, കേസ് നിയമപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ബ്രാഞ്ജലീന എന്ന് വിളിക്കപ്പെടുന്ന താര ദമ്പതികള്‍ക്ക് മഡോക്‌സ് (22), സഹാറ (19), പാക്സ് (20), ഷിലോ (18), പതിനഞ്ചുവയസുള്ള ഇരട്ടകളായ നോക്സ്, വിവിയെന്‍ എന്നീ ആറ് കുട്ടികളുണ്ട്. ഇവരില്‍ നാല് പേര്‍ ഇതിനകം തന്നെ തങ്ങളുടെ പേരിനൊപ്പമുള്ള ‘പിറ്റിനെ’ ഒഴിവാക്കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
2019-ല്‍ ഇരുവരും നിയമപരമായി അവിവാഹിതരാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും വേര്‍പിരിയല്‍ ഇപ്പോഴും പൂര്‍ണ്ണമായി നേടിയെടുക്കാനായിട്ടില്ല. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈന്‍യാര്‍ഡിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം ഒരുപാട് കാലങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബ്രാഡ് പിറ്റ് കേസ് ഫയല്‍ ചെയ്തു. ആഞ്ജലീനയുടെ നീക്കം കരാറിന് വിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി വില്‍പ്പന റദ്ദാക്കി. വൈന്‍യാര്‍ഡിന്റെ ഉടമസ്ഥതയും മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കവും ഓരോ വിചാരണയിലും സങ്കീര്‍ണമാകുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം അടക്കമുള്ള വിഷയങ്ങളില്‍ ഇരുവരും അന്തിമ തീരുമാനത്തിലെത്തിയെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
അതേസമയം, ബ്രാഡ് പിറ്റ് ആഞ്ജലീനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നടിയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2016 ല്‍ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്നതിനിടെ മക്കളെ അടിച്ചെന്നും ചീത്ത പറഞ്ഞെന്നും ആരോപിച്ച് ആഞ്ജലീന ബ്രാഡ് പിറ്റിനെതിരേ കേസ് നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ബ്രാഡ് പിറ്റുമായി വേര്‍പിരിഞ്ഞതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ കേസില്‍ ബ്രാഡ് പിറ്റിന് അനുകൂലമായാണ് കോടതി വിധി വന്നത്. 2016 ന് മുന്‍പ് തന്നെ ബ്രാഡ് പിറ്റ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ആഞ്ജലീന ആരോപിക്കുന്നുണ്ട്.











