
കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് ഒഴിപ്പിച്ചവരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചു. ഇതോടെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങാം.
താപ തരംഗത്തിനിടെ പ്രദേശത്ത് കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് പ്രത്യേക ജാഗ്രതയുടെ ഭാഗമായാണ് ആളുകളെ ഒഴിപ്പിച്ചത്. ചൊവ്വാഴ്ച തോംസണില്‍ തീപിടുത്തമുണ്ടായപ്പോള്‍ ഏകദേശം 16,000 പേരോട് പലായനം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കാട്ടുതീ വെള്ളിയാഴ്ച രാവിലെയോടെ നിയന്ത്രണവിധേയമാക്കി. 2,000 ത്തോളം വരുന്ന ജീവനക്കാരുടെ കഠിനമായ ശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്. തീ അണയ്ക്കുന്നതിനിടെ നാല് പേര്‍ക്ക് പരിക്കേറ്റു.
അപകടകരമായ ചൂടുള്ള കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ 47സെല്‍ഷ്യസ് താപനില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഷ്ണതരംഗം അടുത്ത ആഴ്ച ആദ്യം വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രവചനം. അതേസമയം, ഈ സീസണില്‍ സംസ്ഥാനത്തുടനീളമുള്ള 74 കെട്ടിടങ്ങള്‍ തീപിടുത്തത്തില്‍ നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.