
കാലിഫോർണിയയിൽ കാട്ടുതീ ആളിപ്പടരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ കാട്ടുതീ നാശമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗം നീങ്ങുന്ന തീയിൽ 307,000 ഏക്കറിലധികം കത്തിനശിച്ചു. 134 കെട്ടിടങ്ങളും നിരവധി വാഹനങ്ങളും കത്തി ചാമ്പലായി. ഏതാണ്ട് 5000 ആളുകൾ കാട്ടുതീ ഭീഷണിയിൽ സ്വന്തം വീട് വിട്ട് പാലായനം ചെയ്തു. 2,400-ലധികം അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ രാപകൽ അധ്വാനിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ, പ്രദേശത്ത് കാട്ടുതീ ആളിക്കത്തുന്നത് തുടരുന്നതിനാൽ പ്രശസ്തമായ ഒരു കനേഡിയൻ റിസോർട്ട് പട്ടണമായ ജാസ്പർ വിജനമായി.വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിനശിച്ചു.

കാലിഫോർണിയയിലെ സാക്രമെൻ്റോയുടെ വടക്ക് ബട്ട്, ടെഹാമ കൗണ്ടികളുടെ ഒട്ടേറെ ഭാഗങ്ങളിലാണ് തീ പടർന്നത്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം രണ്ട് കൗണ്ടികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 4,000 മുതൽ 5,000 ഏക്കർ വരെ തീ പടരുകയാണെന്ന് കാലിഫോർണിയ ഫയർ കമാൻഡർ ബില്ലി സീ പറഞ്ഞു. തീ അണയ്ക്കാൻ ആവശ്യമായ സഹായത്തിനായി ഫെഡറൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അതിനിടെ കാട്ടു തീ അണയ്ക്കുന്നതിനിടെ ഒരു ഫയർ പൈലറ്റ് അപകടത്തിൽ പെട്ട് മരിച്ചു. കാട്ടുതീക്ക് കാരണക്കാരൻ എന്നു കരുതുന്ന റോണി ഡീൻ സ്റ്റൗട്ട് എന്ന 42 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കത്തുന്ന ഒരു കാർ ഇയാൾ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. അതിൽ നിന്നാണ് ബാക്കി തീ പടർന്നതെന്നു കരുതുന്നു. തീ പടരുന്ന കണ്ട ഇയാൾ മറ്റുള്ളവർക്കൊപ്പം ഓടി രക്ഷപ്പെട്ടു.
അതിവേഗം പടരുന്ന കാട്ടുതീ കാരണം കാനഡയിലെ ആൽബർട്ടയിലെ ജാസ്‌പർ പട്ടണത്തിൽ നിന്ന് ആയിരക്കണക്കിന് സന്ദർശകരും താമസക്കാരും പലായനം ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ വലിയ നാശനഷ്ടങ്ങളുണ്ടായി. തീജ്വാലകൾ നഗരത്തിൻ്റെ 30% കെട്ടിടങ്ങളും നശിപ്പിച്ചു.
California Wildfire ravages many Areas